മുള്ളിയിൽ കടവിൽ പാലം യാഥാർത്ഥ്യമാക്കണം
ആറ്റിങ്ങൽ: വാമനപുരം നദയിൽ അവനവഞ്ചേരി മുള്ളിയിൽ കടവിൽ പാലത്തിനായുള്ള പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിൽ. മണ്ണ് പരിശോധന നടത്തി നിർമ്മാണത്തിനുള്ള നടപടികളുടെ ഒന്നാംഘട്ടം പൂർത്തിയായി ഒരു വർഷം കഴിഞ്ഞെങ്കിലും തുടർനടപടി ഉണ്ടായില്ല. പദ്ധതിക്കായി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിച്ചെങ്കിലും നടപടിയില്ല. പാലം നിർമ്മിക്കുന്നതിനു പുറമേ പാലത്തിലേക്കുള്ള അപ്രോച്ച് റോഡിനായി ഭൂമിയേറ്റെടുക്കുന്നതിനും റോഡ് നിർമ്മിക്കുന്നതിനും കൂടി അധിക തുകയും വകയിരുത്തേണ്ടതുണ്ട്.
ആറ്റിങ്ങൽ നഗരസഭയിലെ അവനവഞ്ചേരിയെയും കരവാരം പഞ്ചായത്തിലെ കട്ടപ്പറമ്പിനെയും ബന്ധിപ്പിക്കുന്നതാണ് മുള്ളിയിൽ കടവ് പാലം. പതിറ്റാണ്ടുകളായി കടത്തുവള്ളത്തെ ആശ്രയിച്ചാണ് ആളുകൾ ഇവിടെ യാത്ര ചെയ്യുന്നത്. ഇവിടെ പാലം നിർമ്മിക്കണമെന്നത് വളരെക്കാലമായുള്ള ആളുകളുടെ ആവശ്യമാണ്. ഒ.എസ്.അംബിക എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് 2023ലെ സംസ്ഥാനബഡ്ജറ്റിൽ പദ്ധതിക്കായി ആറ് കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ തുടർനടപടികൾ നീണ്ടുപോയി.
മുള്ളിയിൽകടവ്
കടവിള,വഞ്ചിയൂർ പ്രദേശത്തുള്ളവർക്ക് ആറ്റിങ്ങലെത്താനും അവനവഞ്ചേരി പ്രദേശത്തുകാർക്ക് നഗരൂരേക്ക് പോകാനും എളുപ്പമാർഗ്ഗമാണ് മുള്ളിയിൽകടവ്. പനവേലിപ്പറമ്പിലും മുള്ളിയിൽകടവിലുമായി ആറ്റിങ്ങൽ നഗരസഭയെയും കരവാരം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന രണ്ട് കടവുകൾ വാമനപുരം ആറ്റിങ്ങലിലുണ്ട്. കടത്തുകാരന് നഗരസഭയും പഞ്ചായത്തും ചേർന്നാണ് ആദ്യഘട്ടത്തിൽ കൂലി നല്കിയിരുന്നത്. ഇത് ബുദ്ധിമുട്ടായതിനെത്തുടർന്ന് പനവേലിപ്പറമ്പ് കടത്തിന്റെ ചുമതല ആറ്റിങ്ങൽ നഗരസഭയും, മുള്ളിയിൽ കടവ് കടത്തിന്റെ ചുമതല കരവാരം ഗ്രാമപഞ്ചായത്തും ഏറ്റെടുത്തു.
വിദ്യാർത്ഥികൾക്ക് ഉപകാരം
കട്ടപ്പറമ്പ് ഗവ.എൽ.പി.സ്കൂളിൽ പഠിക്കുന്ന കുട്ടികൾ അഞ്ചാം ക്ലാസുമുതലുള്ള പഠനത്തിനായി അവനവഞ്ചേരി ഗവ.എച്ച്.എസിനെയാണ് ആശ്രയിച്ചിരുന്നത്. ഇടയ്ക്ക് കടത്ത് നിറുത്തിയതോടെ ഈ കുട്ടികൾ കിലോമീറ്ററുകൾ നടന്ന് കടവിളയിൽ പോയി ബസ് കയറി യാത്ര ചെയ്താണ് വിവിധ സ്കൂളുകളിലേക്ക് പോകുന്നത്. ഇവിടെ പാലം വന്നാൽ കട്ടപ്പറമ്പ് എൽ.പി.എസിനും അവനവഞ്ചേരി എച്ച്.എസിനും ഒരുപോലെ ഗുണമാകും.
മുള്ളിയിൽകടവിൽ പാലം വന്നാൽ
ദേശീയപാതയ്ക്ക് സമാന്തരപാതയാകും.
ആറ്റിങ്ങൽ ആലംകോട് റോഡിൽ തടസ്സങ്ങളുണ്ടാകുമ്പോൾ വാഹനങ്ങൾക്ക് അവനവഞ്ചേരി വഴി മുള്ളിയിൽകടവിലൂടെ കടവിളയിലിറങ്ങി ആലംകോട്ടേക്ക് പോകാനാകും.
നിലവിലെ ദേശീയപാതയ്ക്ക് സമാന്തരപാത എന്ന നിലയിൽ അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന പ്രധാന പാതയായി ഇത് മാറും
കരവാരം, നഗരൂർ പഞ്ചായത്തുകളിലുള്ളവർക്ക് ദേശീയപാതയിലിറങ്ങാതെ ആറ്റിങ്ങലിലെത്താനുള്ള എളുപ്പവഴിയുമാകുമിത്.
ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കിന് ഏറക്കുറെ പരിഹാരമാകും