വർക്കല - കല്ലമ്പലം റോഡിൽ വാഹനങ്ങൾ ചീറിപ്പായുന്നു അപകടങ്ങൾ തുടർക്കഥ

Monday 01 December 2025 1:25 AM IST

കല്ലമ്പലം: വിനോദസഞ്ചാരകേന്ദ്രമായ വർക്കലയിലെത്താനുള്ള ഏറ്റവും തിരക്കേറിയ പാതയായ കല്ലമ്പലം- വർക്കല റോഡിൽ വാഹനങ്ങളുടെ അമിതവേഗം അപകടങ്ങൾക്കിടയാക്കുന്നതായി പരാതി. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് അമിത വേഗത്തിൽ പായുന്നത്. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനും കുറവില്ല. ഞെക്കാട്, മാവിൻമൂട്,വടശ്ശേരിക്കോണം ഭാഗങ്ങളിൽ ബൈക്കുകൾ വിവിധ വാഹനങ്ങളിൽ കൂട്ടിയിടിച്ച് പത്തോളം അപകടങ്ങളാണ് കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ഉണ്ടായത്. അപകടങ്ങൾ ആവർത്തിച്ചിട്ടും നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

ഒന്നര മാസം മുൻപ് അമിതവേഗത്തിൽ വന്ന ബൈക്ക് സ്വകാര്യ ബസിന് അടിയിൽപ്പെട്ടെങ്കിലും ബൈക്ക് യാത്രികർ രക്ഷപ്പെട്ടു. തിരക്കേറിയ റോഡിൽ പൊലീസ് പരിശോധനയില്ലെന്നും ആക്ഷേപമുണ്ട്. മുള്ളറംകോട് ഗവ.എൽ.പി.എസ്, ഞെക്കാട് ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവ സ്ഥിതിചെയ്യുന്നതും ഇതേ റോഡിന്റെ വശത്താണ്. ധാരാളം കുട്ടികൾ പഠിക്കുന്ന ഞെക്കാട് സ്കൂളിൽ രാവിലെയും വൈകിട്ടും റോഡ് കുറുകെ കടക്കാൻ പ്രയാസമാണെന്നും പരാതിയുണ്ട്. കുറച്ച് നാൾ ട്രാഫിക് പൊലീസിനെ നിയമിച്ചിരുന്നതാണ്. പൊലീസ് ഹെൽമെറ്റ് വേട്ട തുടരുന്നതിനിടയിൽ അമിത വേഗത്തിലോടുന്ന വാഹനങ്ങളെ പിടികൂടാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.