ശംഖുംമുഖത്ത് ത്രിവർണശോഭ...

Monday 01 December 2025 1:56 AM IST

തിരുവനന്തപുരം: ശംഖുംമുഖം തീരത്ത് കൺചിമ്മാതെ നിലയുറപ്പിച്ചിരിക്കുകയാണ് ജനക്കൂട്ടം. കടലിൽ ഇളകിമറിയുന്ന തിരമാലകളെ കീറിമുറിച്ച് ഇന്ത്യൻ നേവിയുടെ യുദ്ധക്കപ്പൽ ത്രിവർണ ശോഭയിൽ മെല്ലെ നീങ്ങി.

അസ്തമയത്തെ സാക്ഷിയാക്കി കപ്പലിനു മുന്നിലെ ദേശീയപതാക താളത്തിൽ പാറിക്കളിച്ചു. ഇന്ത്യൻ നാവികസേന ശംഖുംമുഖത്ത് സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷന് മുന്നോടിയായി നടന്ന പ്രകടനങ്ങൾ കാണികൾക്ക് നവ്യാനുഭവമായി. ഇന്ന് വൈകിട്ട് 4.30ന് ഫുൾ ഡ്രസ് റിഹേഴ്സൽ നടക്കും. ഇന്നലെ വൈകിട്ട് 4 മുതൽ ശംഖുംമുഖത്തേക്ക് ജനം ഒഴുകിയെത്തിയിരുന്നു.

നാവികസേനയുടെ നിർണായകമായ പായ്‌ക്കപ്പലുകൾ കാണാൻ രാത്രി ഏറെ വൈകിയും ആളുകൾ എത്തിക്കൊണ്ടിരുന്നു. പെട്ടെന്ന്, ആകാശത്തെ യുദ്ധക്കളമാക്കി, മൂന്ന് പി 8 നിരീക്ഷണ വിമാനങ്ങൾ കടലിനു മീതെ സമാന്തരമായി പറ‌ന്നുയർന്നു. ഒരേസമയം നൂറുകണക്കിന് ഫോണുകൾ ആ ദൃശ്യങ്ങൾ ഒപ്പിയെടുത്തു. തുടർന്നുവന്ന സീ-ഹോക്ക് ഹെലികോപ്ടർ കാണാൻ മുതിർന്നവർ കുരുന്നുകളെ തോളിലേറ്റി. ഹെലികോപ്ടർ താഴ്ന്നു പറന്നപ്പോൾ ചിലർ സല്യൂട്ട് ചെയ്തു. ചിലർ വലിയ വാഹനങ്ങൾക്ക് മുകളിൽ സ്ഥാനം പിടിച്ചു.

എയർക്രാഫ്റ്റിൽ നിന്നും പാരച്യൂട്ടിൽ പറന്നിറങ്ങിയ അഭ്യാസികൾക്ക് കാണികളുടെ നിറഞ്ഞ കൈയടി. ഇന്ന് ഫുൾ ഡ്രസ് റിഹേഴ്സൽ കാണാനെത്തുന്നവർ വൈകിട്ട് 4നകം അതത് പാർക്കിംഗ് ഗ്രൗണ്ടുകളിൽ ക്രമീകരിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി ബസുകളിൽ വെട്ടുകാട് ഭാഗത്തെത്തണം. 12 വയസിന് താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് പരമാവധി ഒഴിവാക്കണം. വേളി ടൂറിസ്റ്റ് വില്ലേജിന് സമീപമുള്ള ഡി.ടി.പി.സിയുടെ ഗ്രൗണ്ടുകളിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് സിറ്റി പൊലീസ് അറിയിച്ചു.