വോട്ട് ചാക്കിലാക്കാൻ ഹരിതകർമ്മ സേന!

Monday 01 December 2025 1:08 AM IST

കുടുംബശ്രീ അംഗങ്ങളും മത്സരത്തിന്

ആലപ്പുഴ: പ്ലാസ്റ്റിക്ക് മാത്രമല്ല ജില്ലയിലെ ഹരിതകർമ്മ സേനാംഗങ്ങൾ ഇനി വോട്ടും ചാക്കിലാക്കും ! 63 ഹരിതകർമ്മ സേനാംഗങ്ങളാണ് ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികൾക്കായി മത്സരിക്കുന്ന ഇവർക്ക് ഓരോ വാർഡിലെയും വീടുകളും വോട്ടർമാരെയും അടുത്തറിയാം. ജനങ്ങൾക്കിടയിൽ ഇടപെഴകി ശീലമുള്ളതിനാൽ വിജയ സാദ്ധ്യത കൂടുതലാണെന്നതാണ് മുന്നണികൾ ഇവരെ പരിഗണിച്ചതിന് പിന്നിൽ. സംസ്ഥാനത്താകെ 547 ഹരിതകർമ്മ സേനാംഗങ്ങളാണ് മത്സരിക്കുന്നത്.

മുൻവർഷങ്ങളിലെപ്പോലെ ഇത്തവണയും കുടുംബശ്രീ അംഗങ്ങളും മത്സരരംഗത്ത് സജീവമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുടുംബശ്രീ അംഗങ്ങളെ മത്സരിപ്പിക്കുന്ന ജില്ലയും ആലപ്പുഴയാണ്. 1735 പേരാണ് ഇവിടെ മത്സരിക്കുന്നത്. ഇതിൽ കുടുംബശ്രീ അംഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്സണ്മാർ, സി.ഡി.എസ് അംഗങ്ങൾ, എ.ഡി.എസ് അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ ഉൾപ്പെടും. കുടുംബശ്രീ ഉത്പന്നങ്ങളുടെ വിൽപ്പനക്ക് പോകുന്നവർ, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായിട്ടുള്ളവർ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെല്ലാം വോട്ടർമാരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരുമാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചുവരുന്നവരായതിനാൽ വോട്ട് ഉറപ്പാണെന്ന വിശ്വാസത്തിലാണിവർ.

ജില്ലയിൽ സ്ഥാനാ‌ർത്ഥികൾ

ഹരിതകർമ്മ സേനാംഗങ്ങൾ: 63

കുടുംബശ്രീ

സി.ഡി.എസ് ചെയർപേഴ്സൺമാർ: 12

സി.ഡി.എസ് അംഗങ്ങൾ: 146

എ.ഡി.എസ് അംഗങ്ങൾ: 348

അയൽക്കൂട്ടാംഗങ്ങൾ: 1204

ഓക്സലറി അംഗങ്ങൾ:25

ആകെ: 1735

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുടുംബശ്രീ അംഗങ്ങളെ മത്സരിപ്പിക്കുന്ന ജില്ല ആലപ്പുഴയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് സ്ഥാനാർത്ഥികളുടെ എണ്ണം കൂടിയിട്ടുണ്ട്

എസ്. രഞ്ജിത്,​ ജില്ലാ കോഓർഡിനേറ്റർ,​ ജില്ലാ കുടുംബശ്രീ മിഷൻ