ആഴങ്ങളിലേക്ക്....

Monday 01 December 2025 7:27 AM IST

ഭൂമിയിലെ ആഴമേറിയ പ്രദേശങ്ങളിലൂടെ

 ഭീമൻ ഗുഹ

ജോർജിയയിലെ അബ്ഖാസിയയിലെ ഗാഗ്രാ പർവത നിരകളിൽ സ്ഥിതി ചെയ്യുന്ന ഗുഹയാണ് വെരിയോവ്കിന. ഭൂമിയിൽ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും ആഴമേറിയ ഗുഹയാണിത്. സമുദ്രനിരപ്പിൽ നിന്ന് 2,309 മീറ്റർ ( 7,575 അടി ) ഉയരത്തിലാണ് വെരിയോവ്കിനയുടെ ഗുഹാമുഖം സ്ഥിതി ചെയ്യുന്നത്. 1968ൽ കണ്ടെത്തിയ ഈ ഭീമൻ ഗുഹയുടെ ആഴം 2,212 മീറ്ററാണ് ( 7,257 അടി ). മുമ്പ് എസ് - 115 എന്നറിയപ്പെടുന്ന ഈ ഗുഹയുടെ അടിത്തട്ടിൽ 2018ലാണ് മനുഷ്യർ ആദ്യമായി എത്തിച്ചേർന്നത്. നീലയും പച്ചയും കലർന്ന, കറുപ്പ് നിറത്തിലെ ചുണ്ണാമ്പ്കല്ലുകളാൽ ചുറ്റപ്പെട്ട ഒരു തടാകം ഗുഹയുടെ അടിത്തട്ടിലുണ്ട്.

 പാതാളക്കിണർ

ഭൂമിയിലെ ഏറ്റവും ആഴമേറിയ മനുഷ്യനിർമിത പോയിന്റാണ് കോലാ സൂപ്പർഡീപ്പ് ബോർഹോൾ '. 9 ഇഞ്ച് മാത്രം വ്യാസമുള്ള ഈ കുഴൽക്കിണറിന് 40,230 അടിയാണ് ( 7.6 മൈൽ ) ആഴം. ഭൂമിയുടെ മദ്ധ്യത്തിലേക്കുള്ള ദൂരത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് ഭാഗം വരും ഇത്. അതായത്, ആഴത്തിന്റെ കാര്യത്തിൽ ലോകത്തെ ഏറ്റവും ആഴമേറിയ ഭാഗമായ പസിഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിലെ ചലഞ്ചർ ഡീപ്പിനെ കടത്തിവെട്ടുന്നതാണ് കോലാ സൂപ്പർഡീപ്പ് ബോർഹോൾ. ചലഞ്ചർ ഡീപ്പിന്റെ ആഴം 6.7 മൈൽ വരെയാണ്.

വടക്കു പടിഞ്ഞാറൻ റഷ്യയിൽ, നോർവേ അതിർത്തിയ്ക്ക് സമീപം കോലാ ഉപദ്വീപിൽ 1970ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. നീണ്ട 20 വർഷങ്ങൾക്ക് ശേഷം 1992ൽ കോലാ ബോർഹോളിന്റെ ഡ്രില്ലിംഗ് അവസാനിപ്പിക്കുകയായിരുന്നു. 49220 അടിയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, ആഴം കൂടുന്നതിനനുസരിച്ച് ചൂട് 365 ഫാരൻഹീറ്റ് വരെ ഉയരുകയും യന്ത്രങ്ങൾ തകരാറിലാവുകയും ചെയ്തു. ഇതോടെ ഡ്രില്ലിംഗ് അവസാനിപ്പിച്ചു. ഇവിടം ഇപ്പോൾ സീൽ ചെയ്‌ത പൂട്ടിയ നിലയിലാണ്.

 ആഴങ്ങളിലേക്ക് നീന്താം

ലോകത്തിലെ ഏറ്റവും ആഴമേറിയ സ്വിമ്മിംഗ് പൂളാണ് യു.എ.ഇയിലെ ദുബായ്‌യിൽ സ്ഥിതി ചെയ്യുന്ന ഡീപ്പ് ഡൈവ് ദുബായ്. 200 അടിയാണ് ഇതിന്റെ ആഴം. 2021ലാണ് പൂൾ തുറന്നു കൊടുത്തത്. 14,000,000 ലിറ്റർ ശുദ്ധ ജലമാണ് ഈ സ്വിമ്മിംഗ് പൂളിലുള്ളത്. തകർന്ന ഒരു നഗരത്തിന്റെ മാതൃകയിലാണ് പൂളിന്റെ ഉൾവശം ഡിസൈൻ ചെയ്തിട്ടുള്ളത്. പോളണ്ടിൽ വാർസോയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഡീപ്പ്സ്പോട്ട് എന്ന ഈ സ്വിമ്മിംഗ് പൂളാണ് ഇതിന് മുന്നേ ഈ റെക്കാഡ് വഹിച്ചിരുന്നത്.

 വെല്ലുവിളികൾ നിറഞ്ഞ ചലഞ്ചർ

അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് മനുഷ്യ നിർമ്മിതമല്ലാത്ത ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമാണ് പസിഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിലുള്ള ചലഞ്ചർ ഡീപ്പ്. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ചലഞ്ചർ ഡീപ്പിന് ഏകദേശം 36,000 അടി ആഴമുണ്ട്. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരത്തേക്കാൾ കൂടുതലാണ് മരിയാന ട്രഞ്ചിന്റെ ആഴം. അസ്ഥി മരവിപ്പിക്കുന്ന തണുപ്പും പ്രകാശത്തിന്റെ ഒരുതരി പോലുമില്ലാത്ത കൂരാകൂരിരുട്ടും ഒപ്പം 100 ആനകൾ ഒന്നിച്ച് ചെലുത്തുന്ന പോലുള്ള ജല മർദ്ദവും നിറഞ്ഞ ഭാഗമാണ് ചലഞ്ചർ ഡീപ്പ്.

1960ൽ സ്വിസ് സമുദ്രപര്യവേക്ഷകനായ ജാക്വസ് പിക്കാർഡും യു.എസ് നേവി ലഫ്റ്റനന്റ് ആയിരുന്ന ഡോൺ വാൽഷുമാണ് ആദ്യമായി ചലഞ്ചർ ഡീപ്പിലെത്തിയ മനുഷ്യർ.

 ചൈനാക്കടലിലെ ഡ്രാഗൺ

ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള മറൈൻ സിങ്ക്ഹോൾ അഥവാ ബ്ലൂ ഹോളാണ് തെക്കൻ ചൈന കടലിൽ സ്ഥിതി ചെയ്യുന്ന ഡ്രാഗൺ ഹോൾ. 987 അടിയാണ് ഡ്രാഗൺ ഹോളിന്റെ ആഴം.

കടലിൽ അടിത്തട്ടിൽ കാണപ്പെടുന്ന ഭീമൻ കുഴികളാണ് ബ്ലൂ ഹോളുകൾ. നൂറുകണക്കിന് അടി ആഴമുള്ള ഇവ വ്യത്യസ്തമായ നീല നിറത്താലാണ് തിരിച്ചറിയുന്നത്. പുരാതന ചൈനീസ് കൃതികളിൽ ഡ്രാഗൺ ഹോളിനെ പറ്റി പരാമർശിച്ചിട്ടുണ്ട്.