രാജ്യംവിടാൻ ഇമ്രാന് മേൽ സമ്മർദ്ദം  ആരോപണവുമായി അനുയായി

Monday 01 December 2025 7:28 AM IST

കറാച്ചി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി (പാകിസ്ഥാൻ തെഹ്‌രീക്- ഇ- ഇൻസാഫ്) നേതാവുമായ ഇമ്രാൻ ഖാൻ (73) ജയിലിൽ ജീവനോടെയുണ്ടെന്നും എന്നാൽ രാജ്യംവിടാൻ ഭരണകൂടം അദ്ദേഹത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുകയാണെന്നും അനുയായി. ഇമ്രാൻ കൊല്ലപ്പെട്ടെന്നും രഹസ്യ കേന്ദ്രത്തിലാണെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾ തള്ളി സംസാരിക്കുകയായിരുന്നു പി.ടി.ഐയിലെ മുതിർന്ന നേതാവായ ഖുറം സീഷാൻ.

റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ഇമ്രാനെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും സീഷാൻ ആരോപിച്ചു. ഇമ്രാന്റെ ജനപ്രീതിയിൽ സർക്കാരിന് ഭയമാണ്. അതാണ് ഇമ്രാന്റെ ചിത്രങ്ങളോ വീഡിയോകളോ അവർ പുറത്തുവിടാത്തത്. ഇമ്രാൻ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നും സീഷാൻ കുറ്റപ്പെടുത്തി. കഴിഞ്ഞ ആഴ്ചയാണ് ഇമ്രാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഇമ്രാനെ കാണാൻ സഹോദരിമാരായ നൂറിൻ, അലീമ, ഉസ്മ എന്നിവരെ മൂന്ന് ആഴ്ചയിലേറെയായി അനുവദിക്കാതിരുന്നതാണ് അഭ്യൂഹം പ്രചരിക്കാൻ ഇടയാക്കിയത്.

ആഴ്ചയിൽ രണ്ടുതവണ ഇമ്രാനെ കാണാൻ കുടുംബാംഗങ്ങളെ അനുവദിക്കണമെന്നാണ് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവ്. ജയിൽ അധികൃതർ വിസമ്മതിച്ചതോടെ ഇമ്രാൻ എവിടെയെന്ന ചോദ്യവുമായി സഹോദരിമാരും പാർട്ടി പ്രവർത്തകരും രംഗത്തെത്തി. ജയിൽ അധികൃതർക്കെതിരെ അലീമ ഖാൻ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഇമ്രാൻ ആരോഗ്യവാനാണെന്നും കൊല്ലപ്പെട്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ജയിൽ അധികൃതരും പ്രതിരോധ മന്ത്രിയും വ്യക്തമാക്കിയിരുന്നു. അഴിമതി കേസുകളെ തുടർന്ന് 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ജയിലിലാണ്.