ഭാര്യയെ വെട്ടിക്കൊന്നു; മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് വാട്‌സാപ്പ് സ്റ്റാറ്റസാക്കി ഭർത്താവ്
ചെന്നൈ: കോയമ്പത്തൂരിൽ വനിതാഹോസ്റ്റലിനുള്ളിൽ ഭർത്താവ് യുവതിയെ വെട്ടിക്കൊന്നു. തിരുനെൽവേലി സ്വദേശിനി ശ്രീപ്രിയയാണ് മരിച്ചത്. കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് ബാലമുരുകനുമായി പിരിഞ്ഞു താമസിച്ചിരുന്ന യുവതി വനിതാഹോസ്റ്റലിലാണ് കഴിഞ്ഞിരുന്നത്.
ഞായറാഴ്ച ഉച്ചയോടെയാണ് ബാലമുരുകൻ ശ്രീപ്രിയയെ കാണാനായി ഹോസ്റ്റലിലെത്തിയത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒരു വാക്കത്തി ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇരുവരും തമ്മിൽ കണ്ടുമുട്ടിയ ഉടൻ തന്നെ വാക്കുതർക്കമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തർക്കത്തിനിടെ ബാലമുരുകൻ വാക്കത്തിയെടുത്ത് ശ്രീപ്രിയയെ അതിക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഭാര്യയുടെ മൃതദേഹത്തിനൊപ്പമിരുന്ന് പ്രതി സെൽഫിയെടുത്തു. 'തന്നെ വഞ്ചിച്ചു' എന്ന കുറിപ്പോടെ ചിത്രം ബാലമുരുകൻ തന്റെ വാട്‌സാപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
ആക്രമണ സമയത്ത് ഹോസ്റ്റലിൽ ഉണ്ടായിരുന്നവർ ഭയന്ന് ഓടിരക്ഷപ്പെട്ടു. എന്നാൽ, ബാലമുരുകൻ സംഭവസ്ഥലത്ത് തന്നെ തുടരുകയും പൊലീസ് വരുന്നതുവരെ കാത്തിരിക്കുയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെ തുടർന്ന് തമിഴ്നാട്ടിലെ ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിൽ ഭരണകക്ഷിയായ ഡിഎംകെ സർക്കാർ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി.