ലഹരി ഉപയോഗം ചോദ്യംചെയ്‌ത മാതാപിതാക്കളെ വെട്ടി; അയൽക്കാർ കണ്ടത് ചോരപുരണ്ട കത്തിയുമായി നിൽക്കുന്ന നവജിതിനെ

Monday 01 December 2025 10:09 AM IST

കാ​യം​കു​ളം​:​ ​പി​താ​വി​നെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.​ ​ക​ണ്ട​ല്ലൂ​ർ​ ​തെ​ക്ക് ​പീ​ടി​ക​ച്ചി​റ​യി​ൽ​ ​ന​ട​രാ​ജ​നെയാണ് ​(62​)​ ​മ​ക​ൻ​ ​ന​വ​ജി​ത് ​ന​ട​രാ​ജ​ൻ​ ​(30​)​ വെട്ടിക്കൊന്നത്. മാ​താ​വ് ​സി​ന്ധു​വി​നെയും​ ​(49​)​ ​ഇയാൾ ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധു മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ലഹരി ഉപയോഗം മാതാപിതാക്കൾ ചോദ്യം ചെയ്തതും കുടുംബപ്രശ്നങ്ങളുമാണ് അരുംകൊലയ്ക്ക് കാരണം. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള കുടുംബമാണ് ഇവരുടേതെന്നാണ് പുറത്തുവരുന്ന വിവരം. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കെയാണ് നവജിത് പിതാവിനെ വെട്ടിക്കൊന്നത്.

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. വയോധിക ദമ്പതികളുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. ആ സമയം ചോരപുരണ്ട വെട്ടുകത്തിയുമായി പ്രതി വീടിന് പുറത്തുനിൽക്കുന്നത് അയൽക്കാർ കണ്ടു. വീടിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു നടരാജനും ഭാര്യയും. നാട്ടുകാർ മാവേലിക്കരയിലും തുടർന്ന് പരുമലയിലെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നടരാജനെ രക്ഷിക്കാനായില്ല. നടരാജന്റെ മുഖത്ത് ഉൾപ്പടെ നിരവധി തവണ വെട്ടേറ്റിട്ടുണ്ട്.

നാട്ടുകാരെത്തിയതോടെ വീടിന്റെ മുകളിൽ നിലയിലേക്ക് പോയ പ്രതിയെ പൊലീസെത്തി അതിസാഹസികമായാണ് കീഴടക്കിയത്. കയർ ഉപയോഗിച്ച് പ്രതിയെ വരിഞ്ഞുമുറുക്കുകയായിരുന്നു. ജനങ്ങൾ അക്രമിക്കുമെന്ന് ഭയന്ന് പിൻവാതിലിലൂടെയാണ് ഇയാളെ പുറത്തേക്ക് കൊണ്ടുപോയത്.​ ​മാ​വേ​ലി​ക്ക​ര​ ​കോ​ട​തി​യി​ലെ​ ​അ​ഭി​ഭാ​ഷ​ക​നാ​ണ് ​പ്ര​തി. നടരാജന്റെ മറ്റു മക്കൾ: ഡോ. നിധിൻ,​ നിധി.