"മരണംവരെ കേസുണ്ട്, പേഴ്സണലി ഞാൻ പൊട്ടിത്തകർന്നു, ഡീൽ ചെയ്യാൻ പറ്റുന്നില്ല"; തുറന്നുപറഞ്ഞ് വിനായകൻ
ജീവിതത്തിൽ തകർന്നിരിക്കുകയാണെന്ന് നടൻ വിനായകൻ. എവിടെയും പോകാതെ വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും മരണംവരെ തീരാത്ത അത്രയും കേസുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനായകൻ.
'എന്റെ റിയൽ ലൈഫ് പൊട്ടിയിരിക്കുകയാണ്. ഞാൻ ഇപ്പോൾ നൂറ് ശതമാനവും ആക്ടറാണ്. സെലിബ്രിറ്റിയാണ്. പബ്ലിക് ഫിഗറാണ്. പക്ഷേ പേഴ്സണലി ഞാൻ പൊട്ടിത്തകർന്നു. ഡീൽ ചെയ്യാൻ പറ്റുന്നില്ല. എന്റെ സ്വഭാവമാണെങ്കിൽ മാറിയിട്ടുമില്ല. ഞാൻ ജനിച്ചുവളർന്നുവന്ന അതേ സ്വഭാവത്തിൽ തന്നെ ഇരിക്കുന്നു. പക്ഷേ ജനം എന്നെ കാണുന്ന രീതി മാറി. അപ്പോൾ വീട്ടിലിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകും. എനിക്കുറപ്പാണ്. ഇപ്പോൾത്തന്നെ മരണംവരെ കേസുണ്ട്. അത്രയും കേസുണ്ട്. മാറിനിൽക്കണം. അല്ലെങ്കിൽ ഞാൻ മരിക്കേണ്ടിവരും. അല്ലെങ്കിൽ കേസ് ഇനിയും വന്നുകൊണ്ടിരിക്കും. മാറി നിൽക്കുകയെന്നല്ല, ഒതുങ്ങുക അത്രേയുള്ളൂ. റൂമിൽ ഇരിക്കുക, പുറത്തിറങ്ങാറില്ല.
അറുപത് വർഷത്തെ പ്ലാൻ സെറ്റാണ്. അമ്പത് വയസായി. ഏതാണ്ട് തീർന്നെന്നാണ് വിചാരിക്കുന്നത്. ഒരു പത്ത് കൊല്ലം കൂടി ഇനി ജീവിക്കണം. മതി. അറുപത് വയസാകുമ്പോൾ ഉണ്ടെങ്കിൽ ഞാനൊരു മ്യുസിഷ്യനായിരിക്കും. അതാണ് എനിക്ക് കൂടുതൽ ഇഷ്ടം. അഭിനയം ഭയങ്കര ഇഷ്ടമാണ്. പക്ഷേ എന്റെ ടാർഗറ്റ് മ്യുസിഷ്യനാകുകയെന്നതാണ്. ഞാൻ സംവിധാനം ചെയ്യുന്ന പടത്തിനുവേണ്ടി ചിലപ്പോൾ മ്യൂസിക് ചെയ്യുമായിരിക്കും. അല്ലാതെ മറ്റ് സിനിമയ്ക്കുവേണ്ടി മ്യൂസിക് ചെയ്യില്ല.'- വിനായകൻ പറഞ്ഞു.