'ഞാൻ വില്ലനല്ല, പക്ഷേ നല്ല മനസുള്ളവനുമല്ല': കളങ്കാവലിലെ കഥാപാത്രത്തെക്കുറിച്ച് മമ്മൂട്ടി
മമ്മൂട്ടിയുടെ ആരാധകരും മലയാള സിനിമയും ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജിതിൻ കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവൽ'. ദുൽഖർ സൽമാൻ നായകനായ 'കുറുപ്പി'ന് ശേഷം ജിതിൻ കെ ജോസ് മമ്മൂട്ടിയുമായി ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. മമ്മൂട്ടിക്ക് പുറമേ വിനായകനാണ് മറ്റൊരു കേന്ദ്ര കഥാപാത്രമായി സിനിമയിൽ എത്തുന്നത്. ഇപ്പോഴിതാ സിനിമയിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് മമ്മൂട്ടി. കുപ്രസിദ്ധ സീരിയൽ കില്ലർ സയനൈഡ് മോഹന്റെ കഥയല്ല 'കളങ്കാവൽ' എന്നാണ് മെഗാസ്റ്റാർ പറയുന്നത്.
ചിത്രത്തിൽ താൻ അവതരിപ്പിക്കുന്നത് ഒരു വില്ലൻ കഥാപാത്രമല്ലെന്നും എന്നാൽ നല്ല മനസുള്ള വ്യക്തിയല്ലെന്നും താരം പറയുന്നു. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ വന്ന പ്രത്യേക അഭിമുഖത്തിലാണ് നടൻ തന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. പരമ്പരാഗതമായി കഥ പറയുന്ന സിനിമകളിൽ നായകന്മാർക്ക് പലപ്പോഴും ചില പരിമിതികളുണ്ട്. എന്നാൽ വില്ലൻ കഥാപാത്രങ്ങൾക്ക് അത്തരം അതിർവരമ്പുകളില്ലെന്നും മമ്മൂട്ടി ചൂണ്ടികാണിച്ചു.
'കുറേയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പരമ്പരാഗതമായ രീതിയിൽ കഥ പറയുന്ന സിനിമകളിലൊക്കെ നായകന് പരിമിതികൾ കാണും. എന്നാൽ വില്ലന് അതില്ല. 'കളങ്കാവലിൽ' ഞാൻ അവതരിപ്പിക്കുന്നത് വില്ലനെയല്ല, എന്നാൽ അയാൾ ഒരു 'ഗുഡ് സോൾ അല്ലെന്ന് ഞാൻ പറയും,' മമ്മൂട്ടി വ്യക്തമാക്കി.
സിനിമ പറയുന്നത് സ്ത്രീകളെ വശീകരിച്ച് കൊലപ്പെടുത്തിയ സയനൈഡ് മോഹന്റെ കഥയല്ലെന്ന് മമ്മൂട്ടി ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും, 'കളങ്കാവലി'ന് യഥാർത്ഥ സംഭവങ്ങളുടെ പ്രചോദനം ഉണ്ടാകാനുള്ള സാദ്ധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല. 'ഭ്രമയുഗം', 'കാതൽ', 'റോഷാക്ക്' എന്നിവയ്ക്ക് ശേഷം സംഭവിക്കുന്ന താരത്തിന്റെ മറ്റൊരു ഉഗ്രൻ പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.