നടി സാമന്തയും സംവിധായകൻ രാജ് നിദിമോരും വിവാഹിതരായി; ചിത്രങ്ങൾ പങ്കുവച്ച് താരം

Monday 01 December 2025 2:04 PM IST

നടി സാമന്തയും സംവിധായകൻ രാജ് നിദിമോരും വിവാഹിതരായി. ഇന്ന് രാവിലെ കോയമ്പത്തൂർ ഇഷ യോഗ സെന്ററിനുള്ളിലെ ലിംഗ് ഭെെരവി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. ആകെ 30പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

സാമന്ത തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. വിവാഹത്തിന് ചുവന്ന സാരിയാണ് നടി ധരിച്ചത്. നിരവധിപേരാണ് നടിക്ക് ആശംസകൾ അറിയിച്ചത്. ഇന്ന് ഇരുവരും വിവാഹിതരാകുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നിരുന്നു. പിന്നാലെയാണ് സ്ഥിരീകരിച്ച് നടി തന്നെ രംഗത്തെത്തിയത്.

സാമന്തയും രാജും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. സാമന്തയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലെല്ലാം രാജ് നിദിമോരുവിന്റെ സാന്നിദ്ധ്യം കണ്ടുതുടങ്ങിയതോടെയാണ് ആരാധകരുടെ കണ്ണുകളിൽ ഇരുവരും ഉടക്കിയത്. ബോളിവുഡിൽ സംവിധായകനായി തിളങ്ങുന്ന രാജ് തിരുപ്പതി സ്വദേശിയാണ്.

സാമന്ത അഭിനയിച്ച ഫാമിലി മെൻ 2 വെബ് സീരിസിന്റെ അടക്കം സംവിധായകനാണ് രാജ്. മുൻഭാര്യ ശ്യാമിലി ഡേയിൽ നിന്ന് 2022ലാണ് രാജ് വിവാഹമോചനം നേടിയത്. 2021ലാണ് സാമന്തയും നടൻ നാഗചെെതന്യയും വിവാഹമോചിതരാകുന്നത്. നാഗചൈതന്യ സാമന്തയുമായി വേർപിരിഞ്ഞ് മൂന്ന് വർഷത്തിനുശേഷം നടി ശോഭിത ധുലിപാലയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.