പച്ചവെള്ളം ചവച്ച് കുടിക്കുന്നവരെ കളിയാക്കണ്ട? ഗുണങ്ങൾ ഏറെയുണ്ട്

Monday 01 December 2025 3:29 PM IST

പച്ചവെള്ളം ചവച്ച് കുടിയ്‌ക്കുന്നവരെന്ന് പറഞ്ഞ് നമ്മൾ പലരെയും കളിയാക്കാറുണ്ട്. എന്നാൽ പച്ചവെള്ളം ചവച്ച് കുടിക്കുക എന്ന പ്രയോഗത്തിലൂടെ അർത്ഥമാക്കുന്നത് വെള്ളം സാവധാനം കുടിക്കുകയെന്നാണ്. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

വെള്ളം വായ്ക്കുള്ളിൽ അൽപ സമയം നിർത്തി ചലിപ്പിക്കുമ്പോൾ അവ ഉമിനീരുമായി കലരുന്നു. ഉമിനീരിലെ ഘടകങ്ങൾ ദഹന എൻസൈമുകൾക്ക് പ്രവർത്തനസജ്ജമാകാനുള്ള സൂചന നൽകുന്നു. കൂടുതൽ വെള്ളം അതിവേഗത്തിൽ കുടിക്കുമ്പോൾ വായ, തൊണ്ട, വയറ് എന്നിവയുടെ ഏകോപനം തെറ്റാനിടയുണ്ട്. അതിനാൽ സാവധാനം വെള്ളം കുടിക്കുന്നതാണ് എപ്പോഴും നല്ലത്. അസിഡിറ്റി, തൊണ്ടയിലെ പ്രശ്‌നങ്ങൾ എന്നിവ തടയുന്നതിനും ഇത് സഹായിക്കുന്നു. കൂടുതൽ വെള്ളം വേഗത്തിൽ കുടിക്കുമ്പോൾ പേശികൾ ഒന്നിച്ച് പ്രവർത്തിക്കുന്നതിനാൽ ചിലരിൽ ചുമ, ശ്വാസം മുട്ടൽ എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഇവയെ പ്രതിരോധിക്കാനും സാവധാനം വെള്ളം കുടിക്കുന്നതിലൂടെ സഹായിക്കുന്നു.

അതിവേഗം വെള്ളം കുടിക്കുമ്പോൾ അത് ശ്വാസനാളത്തിലേക്ക് പ്രവേശിക്കാനുള്ള സാദ്ധ്യതയുണ്ട്. ശ്വാസം തടസപ്പെട്ട് ജീവൻ വരെ നഷ്‌ടപ്പെടുന്നതിന് ഇത് കാരണമാകാം. അതിനാൽ കുട്ടിയായിരിക്കുമ്പോൾ മുതൽ സാവധാനം വെള്ളം കുടിക്കാൻ പരിശീലിപ്പിക്കുന്നത് ഇത്തരം പ്രശ്‌നങ്ങൾ തടയുമെന്ന് വിദഗ്ദ്ധർ പറയുന്നു. കൂടുതൽ അളവിൽ ഒറ്റത്തവണയായി വെള്ളം കുടിക്കുന്നതിനെക്കാൾ സാവധാനത്തിൽ നിശ്ചിത ഇടവേളകളിൽ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ ജലത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താനും സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.