പ്രചാരണം ഇനി തീപാറും
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച. ഇതുവരെ പരമാവധി ആളുകളെ നേരിട്ട് കണ്ടും വീടുകൾ കയറിയും വോട്ടുറപ്പിക്കാനുള്ള തത്രപ്പാടായിരുന്നെങ്കിൽ അവസാന തന്ത്രങ്ങൾ പയറ്റാൻ ഒരുങ്ങുകയാണ് മുന്നണികൾ. മൈക്കും അനൗൺസ്‌മെന്റുമൊക്കെയായി ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചൂട് പിടിക്കും.
ഇതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളും വിലയിരുത്തുകയാണ് മുന്നണികൾ. ആടി നിൽക്കുന്നവരെ കണ്ടും പിണങ്ങിയവരെ കൂടെക്കൂട്ടിയും വോട്ട് ചോരാനുള്ള സാദ്ധ്യതകൾ അടയ്ക്കണം. തിരിച്ചു പിടിക്കാനും നിലനിറുത്താനും തന്ത്രങ്ങൾ മെനയണം. ഇനിയങ്ങോട്ട് സ്ഥാനാർത്ഥികൾക്ക് ഊണും ഉറക്കവും വിശ്രമവുമില്ല. പരമാവധി താരപ്രചാരകരെയും നേതാക്കളേയും കൂടെക്കൂട്ടാനും ശ്രമമുണ്ടാകും. രണ്ടാംഘട്ടത്തിൽ കൂടുതൽ ആകർഷകമായ പോസ്റ്ററുകൾ ഇറക്കാനാണ് തീരുമാനം. സോഷ്യൽമീഡിയ പരമാവധി ഉപയോഗിക്കുന്നതിന്റെ ഭാഗമായി മണിക്കൂറുകൾ ഇടവിട്ട് റീലുകൾ പോസ്റ്റ് ചെയ്യുകയാണ് മുന്നണികൾ. പ്രവർത്തകർക്ക് പുറമേ സ്ഥാനാർത്ഥി കുടുംബവുമൊന്നിച്ചും പ്രചരണത്തിനിറങ്ങുന്നുണ്ട്.
പ്രചാരണ ഗാനങ്ങൾ റെഡി
രണ്ടാംഘട്ടത്തിലേയ്ക്ക് കടന്നതോടെ മൈക്കും അനൗൺസ്മന്റും പ്രചരണ ഗാനങ്ങളും പ്രസംഗങ്ങളുമായി ആവേശം കൊള്ളിക്കും. പ്രചാരണ ഗാനങ്ങൾ റെഡിയാണ്. സ്ഥാനാർത്ഥികളുടെ വാഹന പര്യടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വാഹനങ്ങൾ ബുക്ക് ചെയ്തു. മൈക്കും മറ്റ് സംവിധാനങ്ങളും സജ്ജം. നഗര നാട്ടിൻപുറ വ്യത്യാസമില്ലാതെ പ്രചാരണ വാഹനങ്ങൾ ഇഴഞ്ഞോടും.
കാലാവസ്ഥയിൽ കരുതൽ
രാവിലെയും വൈകിട്ടുമുള്ള അമിത തണുപ്പും പിന്നീടുള്ള ചൂടും സ്ഥാനാർത്ഥികളെ ബാധിക്കുന്നുണ്ട്. പകർച്ച വ്യാധി പിടിപെടാതിരിക്കാനുള്ള പൊടിക്കൈകളും കരുതിയിട്ടുണ്ട്.
യന്ത്രങ്ങളുടെ കൈമാറ്റം പൂർത്തിയായി
വോട്ടിംഗ് യന്ത്രങ്ങൾ നഗരസഭകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു. ഇന്നലെ പാലാ, വൈക്കം നഗരസഭകൾ, വാഴൂർ, മാടപ്പള്ളി, ഉഴവൂർ, കാഞ്ഞിരപ്പള്ളി ബ്ലോക്കുകൾ എന്നിവിടങ്ങളിലേക്കുള്ള യന്ത്രങ്ങൾ കൈമാറിയതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി.