ക്രിസ്‌മസിന് ഒരുങ്ങി, നക്ഷത്രത്തിളക്കം

Tuesday 02 December 2025 1:56 AM IST

കോട്ടയം : അലങ്കാര ലൈറ്റുകൾ, ക്രിസ്മസ് പാപ്പാ തൊപ്പികൾ, വിവിധതരത്തിലുള്ള സ്റ്റാറുകൾ... പാതയോരങ്ങൾ വെട്ടിത്തിളങ്ങുകയാണ്. ക്രിസ്മസിന്റെ വരവറിയിച്ച് നഗരത്തിലെ വിപണികൾ സജീവമായി. മുൻവർഷങ്ങളിലേതിനെക്കാൾ ഇത്തവണ വിപണി നേരത്തെയൊരുങ്ങിയെന്ന് വ്യാപാരികൾ പറയുന്നു. ക്രിസ്മസ് ട്രീകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള ലൈറ്റുകൾ, ഡെക്കറേഷൻ സാധനങ്ങൾ കാണാനെത്തുന്നവരുമുണ്ട് എൽ.ഇ.ഡി ലൈറ്റ് നക്ഷത്രങ്ങളും എൽ.ഇ.ഡി സ്ട്രിപ്പ് സ്റ്റാറും, ഗ്ലാസ് സ്റ്റാറുമൊക്കെയാണ് താരം. നാട് തിരഞ്ഞെടുപ്പ് ചൂടിലാണെങ്കിലും വിപണിയ്ക്ക് മങ്ങലേൽക്കില്ലെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. മുൻവർഷങ്ങളിലേതിന് വ്യത്യസ്തമായി ഫോട്ടോ സ്‌പോട്ടുകളും പലയിടങ്ങളിലും ഒരുങ്ങി. മാൾ, വിപണി സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം തിരക്ക് ആരംഭിച്ചു. ചുവപ്പ്, വെള്ള കോംബോ നിറങ്ങളിലുള്ള വസ്ത്രങ്ങൾ, അലങ്കാര വസ്തുക്കൾ, ക്രിസ്മസ് പാപ്പാ വസ്ത്രങ്ങൾ എന്നിങ്ങനെ എങ്ങും ക്രിസ്മസ് മയമാണ്.

വാൽനക്ഷത്രത്തിന് ഡിമാൻഡ് ഇത്തവണയും വെള്ള വാൽ നക്ഷത്രത്തിനാണ് ഡിമാൻഡ്. എൽ.ഇ.ഡി സ്റ്റാറുകളാണ് കൂടുതൽ ആളുകളും വാങ്ങുന്നത്. ക്രിസ്മസ് ട്രീ, പുൽക്കൂടുകൾ, ഉണ്ണിയീശോ സെറ്റ്, അലങ്കാര ബൾബുകൾ എന്നിവയും സജ്ജം. ക്രിസ്മസ് ട്രീയ്‌ക്ക് 325 രൂപ മുതൽ 3750 വരെയാണ് വില. പുൽക്കൂട് : 245- 575, രൂപങ്ങൾ : 375 - 2450 വരെയാണ്.

വിലയിങ്ങനെ എൽ.ഇ.ഡി സ്റ്റാർ : 275 - 625 പേപ്പർ നക്ഷത്രം: 450 മുതൽ വാൽ നക്ഷത്രം : 165 - 215 ലൈറ്റ് സീരിയൽ സെറ്റ് : 130 - 825 ബോൾസ് : 65 - 425 ഡെക്കറേഷൻ: 20 - 130