ബ്ലാക്ക് ബീച്ചിനും സുരക്ഷ വേണം
വർക്കല: സഞ്ചാരികൾ ഏറെ പ്രിയപ്പെടുന്ന തീരങ്ങളിലൊന്നാണ് വർക്കലയിലെ തിരുവമ്പാടി ബീച്ച്. പ്ലേസർ നിക്ഷേപ തന്മാത്രകൾ മൂലം രൂപപ്പെട്ട കരിമണലാണ് ഇവിടുത്തെ പ്രത്യേകത. ഇതുകാരണം ‘ബ്ലാക്ക് സാൻഡ് ബീച്ച്’ എന്നാണ് ഇവിടം അറിയപ്പെടുന്നത്.
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മൾട്ടി സ്പെസിസ് ഹാച്ചറിയും അക്വേറിയവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അക്വേറിയത്തിനോടൊപ്പം ആംഫി തിയേറ്ററോട് കൂടിയ ചിൽഡ്രൻസ് പാർക്കും ജലക്കൃഷി വികസന ഏജൻസിയും അക്വാട്ടിക് അനിമൽ ഹെൽത്ത് സെന്ററും തീരത്തെ സവിശേഷമാക്കുന്നു.
ഏകാന്തത ഇഷ്ടപ്പെടുന്ന ആഭ്യന്തര - വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ബ്ലാക്ക് ബീച്ച്. എന്നാൽ വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
സുരക്ഷ അവഗണിക്കപ്പെടുന്നു
വിദേശിയരെ, പ്രത്യേകിച്ച് വനിതകളെ ലക്ഷ്യമിട്ടുണ്ടാകുന്ന അതിക്രമങ്ങൾ വർഷങ്ങളായി റിപ്പോർട്ട് ചെയ്തുവരുമ്പോഴും, ബീച്ചിലെ സുരക്ഷാ സംവിധാനങ്ങളിൽ വലിയ മാറ്റമൊന്നും നടന്നിട്ടില്ല. സോഷ്യൽ മീഡിയയിലൂടെ സഞ്ചാരികളുയർത്തുന്ന സുരക്ഷാകുറിപ്പുകളും മുന്നറിയിപ്പുകളും അധികൃതർ മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നാണ് ആക്ഷേപം. പ്രദേശത്ത് പൊലീസ് പട്രോളിംഗ് അപര്യാപ്തമാണ്. ഇവിടത്തെ തെരുവ് വിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാണ്. രാത്രിയിൽ പേരിനുപോലും സുരക്ഷയില്ല. തീരത്തിന്റെയും തീരദേശ നടപ്പാതയുടെയും നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിക്കേണ്ടതുണ്ട്. നിലവിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ പ്രവർത്തനരഹിതമാണ്.
ലഹരി വ്യാപന കേന്ദ്രങ്ങൾ
തീരത്ത് ലഹരി വില്പനയും ഉപയോഗവും ഇരുട്ടിന്റെ മറവിൽ നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. മദ്യം, കഞ്ചാവ്, സിന്തറ്റിക് ലഹരിവസ്തുക്കൾ എന്നിവയുടെ വിപണന കേന്ദ്രങ്ങളായി പ്രദേശവും മാറുന്നുണ്ട്.
പഠനം വേണം
കടൽത്തീരങ്ങളിൽ രൂപപ്പെട്ട കരിമണൽ ലോകത്തെ ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ളതാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.പ്ലേസർ നിക്ഷേപങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന മാഗ്നെറ്റ്,സിർക്കോൺ,റൂട്ടൈൽ,ക്രോമൈറ്റ് തുടങ്ങിയ ധാതുക്കൾ വൻ പരിണാമത്തിൽ ഈ തീരത്ത് കാണപ്പെടുന്നു.എന്നാൽ ഇവയെക്കുറിച്ചുള്ള ആധികാരിക ശാസ്ത്രീയ പഠനവും പ്രാവർത്തിക പദ്ധതികളും ഉണ്ടായിട്ടില്ല.
രാത്രികാല പട്രോളിംഗ് കാര്യക്ഷമമാക്കണം.കേടായ ക്യാമറകളും ലൈറ്റുകളും മാറ്രി സ്ഥാപിക്കണം.
ആർ.സുലോചനൻ,നേതാജി റസിഡന്റ്സ്
അസോസിയേഷൻ പ്രസിഡന്റ്
ഫോട്ടോ: വർക്കല ബ്ലാക്ക് സാൻഡ് ബീച്ച്