വിധവയായ വൃദ്ധയുടെ വീടിന്റെ ഒരുഭാഗം ജെ.സി.ബി ഉപയോഗിച്ച് തകർത്തു
കുറുപ്പംപടി: ഒറ്റയ്ക്ക് താമസിക്കുന്ന 77കാരിയായ വിധവയുടെ വീടിന്റെ ഒരുഭാഗം ജെ.സി.ബി ഉപയോഗിച്ച് തകർത്തു. മേതല കല്ലിൽക്ഷേത്രത്തിനു സമീപം മേയ്ക്ക മാലിൽവീട്ടിൽ പരേതനായ എം.പി. ജോർജിന്റെ ഭാര്യ മോളി ജോർജിന്റെ വീടിന്റെ ഒരു ഭാഗമാണ് തകർത്തത്. ഞായറാഴ്ച അർദ്ധരാത്രിയാണ് സംഭവം. മോളി ജോർജ് വീട്ടിലുണ്ടായിരുന്നെങ്കിലും ഉറക്കത്തിലായിരുന്നതിനാൽ
സംഭവമറിഞ്ഞില്ല.
രാവിലെ നാട്ടുകാരാണ് ജംഗ്ഷനിലുള്ള വീടിന്റെ ഒരു ഭാഗം പൊളിച്ചിരിക്കുന്നത് കണ്ടത്. മോളി ജോർജിന്റെ വീടിന്റെ പുറകിലായി ഒരു പ്ലൈവുഡ് കമ്പനി പ്രവർത്തിക്കുന്നുണ്ട്. അവിടേക്ക് വാഹനങ്ങൾ കടന്നുപോകാൻ പാകത്തിന് വഴിക്കു വീതിയില്ല. വഴിക്കുവേണ്ടി കമ്പനി ഉടമ സ്ഥലംചോദിച്ചെങ്കിലും തന്റെ വീടിന്റെ മുറി പൊളിച്ചുമാറ്റേണ്ടതിനാൽ മോളി സമ്മതിച്ചിരുന്നില്ല.
സംഭവത്തിന് പിന്നിൽ പ്ലൈവുഡ് കമ്പനി അധികൃതരാണെന്നാണ് ആരോപണം. ഇതേക്കുറിച്ച് കമ്പനി ഉടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കുന്നില്ല.
പൊലീസ് ജെ.സി.ബി ഉടമയുടേയും മോളി ജോർജിന്റേയും മൊഴിയെടുത്തു.