പോരിൽ പിന്നിലാകില്ല പെരളശ്ശേരി
കണ്ണൂർ: പുതുതായി രൂപീകരിച്ച പെരളശ്ശേരിയിൽ ഇടതിന് വലിയ ലക്ഷ്യമാണുള്ളത്. എടക്കാട് ബ്ലോക്കിലെ മക്രേരി, പെരളശ്ശേരി, മാവിലായി, കടമ്പൂർ, ആഡൂർ, കോയ്യോട്, ചെമ്പിലോട്, ഏച്ചൂർ ഉൾപ്പെടുന്നതാണ് പുതിയ പെരളശ്ശേരി ഡിവിഷൻ. ഇപ്പോഴത്തെ പെരളശ്ശേരി ഡിവിഷൻ ഉൾപ്പെട്ട ചെമ്പിലോട് കഴിഞ്ഞ തവണ എൽ.ഡി.എഫിനായിരുന്നു വിജയം. ഇത്തവണയും ആ വിജയം തുടരാനുള്ള ഒരുക്കത്തിലാണ് എൽ.ഡി.എഫ്.
വിജയസാദ്ധ്യത കുറവാണെങ്കിലും ഡിവിഷനിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ടുകൾ പിടിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. കടമ്പൂർ പഞ്ചായത്താണ് ഡിവിഷനിൽ യു.ഡി.എഫിന് മുൻ തൂക്കമുള്ള പ്രദേശം. ഇവിടെ എൽ.ഡി.എഫ് കടുത്ത പ്രചരണം നടത്തുന്നുണ്ട്. എകെ.ജി.യുടെ ജന്മസ്ഥലം കൂടിയായ പെരളശ്ശേരിയിൽ ഭൂരിപക്ഷം ഒട്ടും കുറയാതിരിക്കാനുള്ള കടുത്ത മുന്നൊരുക്കത്തിലാണ് എൽ.ഡി.എഫ്. സർക്കാർ നടത്തിയ വികസനവും കഴിഞ്ഞ ജില്ലാപഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലുകളും ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് ഇത്തവണയും വോട്ട് പിടിക്കാൻ ഇറങ്ങുന്നത്.
ഇവർ അങ്കത്തട്ടിൽ
പെരളശ്ശേരിയിൽ ഇത്തവണ മത്സരത്തിനിറങ്ങുന്നത് മുൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ്. അടുത്ത ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലാണ് ബിനോയ് കുര്യനെ മത്സരിപ്പിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് അംഗങ്ങളിൽ മത്സരിക്കുന്ന ഒരേ ഒരാൾ കൂടിയാണ് ബിനോയ് കുര്യൻ.സി.പി.എം ജില്ല കമ്മിറ്റിയംഗമായ ഇദ്ദേഹം ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ്, സെക്രട്ടറി, എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ. കഴിഞ്ഞ തവണയും മത്സരിച്ച മുസ്ളീം ലീഗിലെ ഷക്കീർ മൗവഞ്ചേരിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. യൂത്ത് ലീഗ് മുൻ ജില്ല വൈസ് പ്രസിഡന്റ്, ധർമടം മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കൂടുതൽ വോട്ടുകൾ നേടാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് ബി.ജെ.പി. മുൻ ബി.ജെ.പി ജില്ലസെക്രട്ടറി അഡ്വ.ജിതിൻ രഘുനാഥാണ് എൻ.ഡി.എയുടെ സ്ഥാനാർത്ഥി. പ്രത്യക്ഷത്തിൽ ബി.ജെ.പിക്ക് സ്വാധീനം കുറവാണെങ്കിലും ഭരണവിരുദ്ധവികാരവും ശബരിമല വിഷയവും ഉൾപ്പെടെ നിരത്തി വോട്ട് പിടിക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി.