ജയിലർ 2 വിൽ വിനായകനും
രജനികാന്ത് നായകനായി നെൽസൻ സംവിധാനം ചെയ്യുന്ന ജയിലർ 2 വിൽ വിനായകനും. ജയിലറിൽ ഏറെ കൈയടിയും പ്രേക്ഷക സ്വീകാര്യതയും നേടിയിരുന്നു വിനായകന്റെ പ്രതിനായക വേഷം വർമൻ. ജയിലർ 2 വിൽ വിനായകന്റെ രംഗങ്ങൾ ചിത്രീകരിച്ചു എന്നാണ് വിവരം. രണ്ടുദിവസത്തെ ചിത്രീകരണം ആയിരുന്നു വിനായകന്. ചിത്രത്തിന്റെ ഫ്ളാഷ് ബാക് ഉൾപ്പെടുന്ന സീനുകളിൽ വിനായകൻ എത്തുന്നതെന്നാണ് സൂചന. അതേസമയം ജയിലറിൽ വിനായകൻ അവതരിപ്പിക്കുന്ന കഥാപാത്രം കൊല്ലപ്പെടുകയാണ്. കളങ്കാവൽ സിനിമയുടെ പ്രൊമോഷനിടെയാണ് താൻ ജയിലർ 2വിൽ അഭിനയിക്കുന്ന വിവരം വിനായകൻ സ്ഥിരീകരിച്ചത്. മലയാളി താരങ്ങളുടെ നീണ്ടനിരയാണ് ജയിലർ 2 . മോഹൻലാൽ അതിഥി താരമായി ഇക്കുറിയും എത്തുന്നുണ്ട്.
മാർച്ചിൽ ചിത്രീകരണം ആരംഭിച്ച ജയിലർ 2 വിന്റെ തുടർ ചിത്രീകരണം ഗോവയിൽ പുരോഗമിക്കുന്നു. അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാംഭാഗത്തിനും സംഗീതം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ ആണ് നിർമ്മാണം.