പാർട്ടി ചിഹ്നം വേണ്ട, കുന്തവും കുടച്ചക്രവും മതി

Tuesday 02 December 2025 12:26 AM IST

തിരഞ്ഞെടുപ്പ് ജയിക്കണമെങ്കിൽ മതമോ രാഷ്ട്രീയമോ നോക്കാതെ എല്ലാവരുടെയും വോട്ട് വേണം. അരിവാളും, കൈപ്പത്തിയും, താമരയും കണ്ടാൽ ചിലർ വോട്ട് ചെയ്യില്ല. നല്ല ചിഹ്നങ്ങൾക്കാണെങ്കിൽ ഭയങ്കര പിടി. ഒരു ചിഹ്നനം പലർ ആവശ്യപ്പെട്ടാൽ നറുക്കിട്ട് നൽകാനേ തിരഞ്ഞെടുപ്പ് കമ്മിഷന് കഴിയൂ. സ്ഥാനാർത്ഥികൾ കൂടിയപ്പോൾ കുന്തവും കുടവും കുപ്പിയും കൊമ്പും കുഴലും ചെണ്ടയുമൊക്കെ സ്വതന്ത്ര ചിഹ്നമാക്കേണ്ടി വന്നു. ഇതിൽ പലതും വരയ്ക്കാൻ പാടായതിനാൽ ചുവരെഴുത്ത് കുറച്ച് പോസ്റ്ററിലും ഫ്ലക്സിലുമായെങ്കിലും വോട്ടർമാർ ഇതൊക്കെ ഓർത്തിരിക്കുമോ വോട്ടിംഗ് യന്ത്രത്തിൽ കണ്ടാൽ തിരിച്ചറിയുമോ എന്ന പേടിയിലാണ് സ്ഥാനാർത്ഥികൾ.

അപരന്മാർ വിലസുന്നതിന് പുറമേ സാമ്യമുള്ള ചിഹ്നവും കൂടിയായാൽ സ്ഥാനാർത്ഥികൾ പെട്ടതുതന്നെ. താമര ചിഹ്നമുള്ള ബി.ജെ.പി സ്ഥാനാർത്ഥിയുടെ അതേ പേരുകാരായ അപരന്മാരിൽ പലർക്കും കിട്ടിയത് റോസാപ്പൂ ചിഹ്നമാണ്. താമരയും റോസാപ്പൂവും വോട്ടിംഗ് യന്ത്രത്തിൽ കണ്ടാൽ ഒരു പോലിരിക്കുമെന്നതിനാൽ വോട്ടു മാറി കുത്താനുള്ള സാദ്ധ്യതയും കൂടുതലാണ്. ഇംഗ്ളീഷ് അക്ഷരമായിലെ 'എ' യിലല്ല മലയാളത്തിലെ അക്ഷരമാലാ ക്രമത്തിൽ 'അ' യിലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ പേരുവരിക. നിയമസഭാ ,​ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ദേശീയ സംസ്ഥാന പാർട്ടി സ്ഥാനാർത്ഥികളുടെ പേര് കഴിഞ്ഞിട്ടേ സ്വതന്ത്രർ വരൂ. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് പ്രാധാന്യമില്ല. അക്ഷരമാലയ്ക്കാണ് മുൻഗണന എന്നതിനാൽ പ്രമുഖ പാർട്ടി സ്ഥാനാർത്ഥികൾക്കൊപ്പം അപരന്റെ പേരും വരും. ഇത് ഒഴിവാക്കി അപരന്മാരുടെ പേര് താഴെയാക്കണമെന്ന് തിര‌ഞ്ഞെടുപ്പ് കമ്മിഷനോട് അപേക്ഷിച്ചിരിക്കുകയാണ് അംഗീകൃത പാർട്ടികൾ. അതും ഓട്ടോറിക്ഷ,​ സൈക്കിൾ,​ ടെലിവിഷൻ തുടങ്ങിയവ ഓർത്തിരിക്കാവുന്ന ചിഹ്നമാണ്. ഓട്ടോറിക്ഷ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കൊടുത്തതോടെ സ്വതന്ത്രന്മാർക്ക് കിട്ടില്ല. സാമ്പിൾ ബാലറ്റ് അടിച്ചപ്പോൾ ഓട്ടോറിക്ഷ ഇടത്തോട്ട് ചെരിഞ്ഞത് പോലെയായി. പരാതി കൊടുത്തതോടെ നേരെയാക്കി വീണ്ടും അച്ചടിച്ചു. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഓട്ടോറിക്ഷ മറിയുമെന്നതിന്റെ സൂചനയാണിതെന്ന് മാണിഗ്രൂപ്പ് നേതാക്കൾ പരിഹസിച്ചപ്പോൾ രണ്ടില കൊഴിയുന്ന അവസ്ഥയാകുമെന്നായിരുന്നു ഉരുളയ്ക്ക് ഉപ്പേരി പോലെ ജോസഫ് ഗ്രൂപ്പ് നേതാക്കളുടെ മറുപടി. ആരു പറയുന്നതാണ് അച്ചിട്ടാവുകയെന്നതിന് വോട്ടെണ്ണൽ വരെ നമുക്ക് കാത്തിരിക്കാം.