ബിഎൽഒയുടെ മരണം ജോലിഭാരം കൊണ്ടല്ല,​ കേരളത്തിലെ എസ്ഐആ‍ർ മാറ്റി വയ്ക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

Monday 01 December 2025 8:35 PM IST

ന്യൂഡൽഹി : കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഒരു കാരണവശാലും മാറ്റിവയ്ക്കാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി. വോട്ടർ പരിഷ്കരണവും തദ്ദേശ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് കേരളത്തിൽ ആദ്യമായല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു. കണ്ണൂരിൽ ബി.എൽ.ഒ ആയിരുന്ന അനീഷ് ജോർജിന്റെ മരണം എസ്.ഐ.ആർ ജോലി ഭാരം കൊണ്ടാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.

വോട്ടർ പട്ടിക പരിഷ്കരണവും കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് അസാധാരണമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നു,​ 2020ൽ തദ്ദേശ തിരഞ്ഞെടുപ്പും സ്പെഷ്യൽ സമ്മറി റിവിഷനും ഒരുമിച്ചാണ് നടന്നത്. സ്പെഷ്യൽ സമ്മറി റിവിഷനിൽ എന്യുമറേഷൻ ഒഴികെ എസ്.ഐ.ആറിൽ നടക്കുന്ന എല്ലാ നടപടികളും ഉണ്ട്. നിലവിൽ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം കാരണം സംസ്ഥാന ഭരണം സ്തംഭനാവസ്ഥയിൽ എത്തുമെന്ന വാദം തെറ്റാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നു.

കണ്ണൂരിൽ ബി.എൽ.ഒ ആയിരുന്ന അനീഷ് ജോർജിന്റെ മരണം രാഷ്ട്രീയ വത്കരിക്കുകയാണ്. ജോലി സമ്മർദ്ദം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കാൻ ഒരു രേഖയുമില്ല. എസ്.ഐ.ആറിന് എതിരായ കേരളത്തിൽ നിന്നുള്ള ഹർജികൾ പിഴയോടെ തള്ളണമെന്നും കമ്മിഷൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.