കോർപറേഷൻ പള്ളിക്കുന്ന് സോണലിൽ കടുത്ത മത്സരം; യു.ഡി.എഫിന് വെല്ലുവിളിയുയർത്തി രാഗേഷ് വിഭാഗം
മിക്ക വാർഡുകളിലുംചതുഷ്‌കോണ പോരാട്ടം
കണ്ണൂർ:കനത്ത പോരാട്ടം നടക്കുന്ന കണ്ണൂർ കോർപറേഷനിലെ പള്ളിക്കുന്ന് സോണലിൽ ഭൂരിപക്ഷം വാർഡുകളിലും ചതുഷ്കോണ പോരാട്ടം മുറുകുന്നു. മൂന്നു മുന്നണികൾക്കൊപ്പം കോർപറേഷൻ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.കെ.രാഗേഷ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ സംരക്ഷണ സമിതി സ്ഥാനാർത്ഥികളുമാണ് മത്സരം പ്രവചനാതീതമാക്കിയിരിക്കുന്നത്.
പള്ളിക്കുന്ന്, പള്ളിയാംമൂല, കുന്നാവ്, കൊക്കേൻപാറ, തളാപ്പ്, പഞ്ഞിക്കയിൽ, ചാലാട് എന്നീ ഏഴ് ഡിവിഷനുകളാണ് സോണലിൽ ഉൾപ്പെടുന്നത്. നിലവിൽ യു.ഡി.എഫിന് നാലും എൽ.ഡി.എഫിന് രണ്ടും ബി.ജെ.പിക്ക് ഒന്നും സീറ്റുകളാണ് ഈ സോണലിൽ ഉള്ളത്.
പി.കെ. രാഗേഷ് തന്നെ ഐക്യജനാധിപത്യ സംരക്ഷണ സമിതി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പഞ്ഞിക്കയിൽ ഡിവിഷനിൽ കടുത്ത പോരാട്ടമാണ്. ഉമേശൻ കണിയാങ്കണ്ടി (കോൺഗ്രസ്), പി.മുകേഷ് (സി.പി.എം), ശ്രീസുമ വിനോദൻ (ബി.ജെ.പി) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.യു.ഡി.എഫ് 433 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ ജയിച്ച ഈ ഡിവിഷനിൽ വിള്ളൽ വീഴ്ത്തി ജയം നേടാനാണ് രാഗേഷിന്റെ ശ്രമം. കഴിഞ്ഞ തവണ മത്സരിച്ച് 151 വോട്ട് നേടിയ എസ്.ഡി.പിഐക്ക് ഇത്തവണ സ്ഥാനാർത്ഥി ഇല്ല. രാഗേഷിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന ഇവിടെ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
പള്ളിയാംമൂലയിൽ കൗൺസിലറുടെ വെല്ലുവിളി പഞ്ഞിക്കയിൽ ഡിവിഷനിൽ നിന്ന് ജയിച്ച അനിതയെ പി.കെ.രാഗേഷ് വിഭാഗത്തോട് അടുത്തുനിൽക്കുന്നതിന്റെ പേരിൽ കോൺഗ്രസ് പുറത്താക്കിയിരുന്നു. അനിത ഇപ്പോൾ പള്ളിയാംമൂലയിൽ ഐക്യജനാധിപത്യ സംരക്ഷണ സമിതി സ്ഥാനാർത്ഥിയാണ്. കഴിഞ്ഞ തവണ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് 381 വോട്ടിന് ജയിച്ച ഈ ഡിവിഷനിൽ പി.ദീപ്തിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. എസ്.ഐശ്വര്യ (കോൺഗ്രസ് എസ്), വിജീഷ വിനോദ് (ബി.ജെ.പി) എന്നിവരും സ്ഥാനാർത്ഥികളാണ്.
കുന്നാവിൽ എൽ.ഡി.എഫ് പ്രതീക്ഷ
ജനറൽ ഡിവിഷനായ കുന്നാവിൽ മുൻ കൗൺസിലർ കെ. സീത (സി.പി.എം) വീണ്ടും മത്സരിക്കുമ്പോൾ പി. അശോകൻ (കോൺഗ്രസ്), കെ.മോഹനൻ (ബി.ജെ.പി), പി.കെ.രതീപ് (ഐക്യജനാധിപത്യ സംരക്ഷണ സമിതി) എന്നിവരാണ് എതിരാളികൾ. എൽ.ഡി.എഫ് 219 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ വിജയിച്ചത്.
കൊക്കേൻപാറയിൽ കടുത്ത പോരാട്ടം
എൽ.ഡി.എഫ് 150 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ ജയിച്ച കൊക്കേൻപാറയിൽ ഇത്തവണ ചതുഷ്കോണ പോരാട്ടമാണ്. ഷാജി കുന്നാവ് (സി.പി.എം), കെ.സി.ശ്രീജിത്ത് (കോൺഗ്രസ്), പി.മഹേഷ് (ബി.ജെ.പി), ചേറ്റൂർ രാഗേഷ് (രാഗേഷ് വിഭാഗം) എന്നിവർ മത്സരിക്കുന്നു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനക്കാരായ ബി.ജെ.പി ഇവിടെ 599 വോട്ട് നേടിയിരുന്നു.
പള്ളിക്കുന്നിൽ ബി.ജെ.പിക്ക് വെല്ലുവിളി ബി.ജെ.പി കഴിഞ്ഞ തവണ 236 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച പള്ളിക്കുന്ന് ഡിവിഷനിൽ ഇത്തവണ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ദീപ്തി വിനോദ് (ബി.ജെ.പി), എൻ.ഇ.പ്രിയംവദ (സി.പി.ഐ), പ്രീത വിനോദ് (കോൺഗ്രസ്), എ.ബിന്ദു (രാഗേഷ് വിഭാഗം) എന്നിവരാണ് മത്സരരംഗത്തുള്ളത്.
തളാപ്പിൽ അഞ്ച് സ്ഥാനാർത്ഥികൾ
യു.ഡി.എഫിന്റെ ഉറച്ച സീറ്റായ തളാപ്പിൽ എ.പി.ജമാൽ (മുസ്ലിംലീഗ്), സരിത ധീരജ് (എൽ.ഡി.എഫ് സ്വതന്ത്ര), സുജിത്ത് രാം ഒ.കെ (ബി.ജെ.പി), യാസർ ചാലിൽ (രാഗേഷ് വിഭാഗം), മഹിജ കെ.കെ (സ്വതന്ത്ര) എന്നിവരാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ 157 വോട്ടിനായിരുന്നു യു.ഡി.എഫ് ജയം.
ചാലാട് ലീഗിന് ആത്മവിശ്വാസം
യു.ഡി.എഫ് 289 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ചാലാട് ഡിവിഷനിൽസി.വി. റഫ്ന (മുസ്ലിംലീഗ്) വിജയം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്. യു.കെ.ശിവകുമാരി (സി.പി.എം) ശക്തമായ വെല്ലുവിളിയുമായി രംഗത്തുണ്ട്. കെ.പി.റസിയ (ബിജെപി), കെ.പി.സൽന (രാഗേഷ് വിഭാഗം) എന്നിവരും മത്സരരംഗത്തുണ്ട്.