നിയമപരിപാലനത്തിൽ ഒരുമിച്ച് തിരഞ്ഞെടുപ്പ് ഗോദയിൽ നേർക്കുനേർ
നീലേശ്വരം: തിരഞ്ഞെടുപ്പ് ഗോദയിൽ റിട്ട. എസ്.ഐമാർ. നീലേശ്വരം നഗരസഭയിലെ 32-ാം വാർഡായ കൊട്രച്ചാലിലാണ് റിട്ട. എസ്.ഐമാരായ പി.വി സതീശൻ സി.പി.എമിലും രവീന്ദ്രൻ കൊക്കോട്ട് കോൺഗ്രസിലും സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്. ഒരേ കാലത്ത് സർവീസിലുണ്ടായിരുന്ന ഇവർ ഒരേ സ്റ്റേഷനിൽ ഒരുമിച്ചു ജോലി ചെയ്തിട്ടുമുണ്ട്. നിരവധി തവണ ക്രമസമാധാന പ്രശ്നങ്ങളെ ഒരുമിച്ച് നേരിട്ടു.
പഠനകാലത്ത് എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനായിരുന്ന സതീശൻ കാസർകോട് ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1993ൽ പൊലീസ് സേനയിലെത്തി. കാസർകോട്ടെ മിക്ക സ്റ്റേഷനിലും ജോലി ചെയ്തു. ഇടതുഭരണകാലത്ത് പൊലീസ് അസോസിയേഷന്റെയും ഓഫീസേഴ്സ് അസോസിയേഷന്റെയും സെക്രട്ടറിയും പ്രസിഡന്റും സംസ്ഥാന നിർവാഹകസമിതി അംഗവുമായി പ്രവർത്തിച്ചു. 2023ൽ സർവീസിൽ നിന്ന് പിരിഞ്ഞ ശേഷം പാർട്ടിയിൽ സജീവമായി. നിലവിൽ സി.പി.എം നീലേശ്വരം വെസ്റ്റ് ലോക്കൽ സെക്രട്ടറിയാണ്. ഭാര്യ മായ (സർക്കാർ ഉദ്യോഗസ്ഥ). മക്കൾ: ഗോകുൽ (ന്യൂ ഇന്ത്യ ഇൻഷൂറൻസ് കമ്പനിയിൽ),അമൽ (പ്ലസ്ടു വിദ്യാർത്ഥി).
രവീന്ദ്രൻ 1987ലാണ് സേനയിലെത്തുന്നത്. വയനാട്ടിലായിരുന്നു ആദ്യം. യു.ഡി.എഫ് ഭരണകാലത്ത് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗവും ജില്ലാ ട്രഷററുമായിരുന്നു. 2019 ജൂണിൽ സബ് ഇൻസ്‌പെക്ടറായി പിരിഞ്ഞു. റിട്ടയർമെന്റിന് ശേഷം പാലിയേറ്റീവ് കെയർ സൊസൈറ്റി,സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സജീവമായി. ഭാര്യ:സുലോചന. മക്കൾ:രവീണ (ആയുർവേദ ഡോക്ടർ),റിതേഷ് (ഡിഗ്രി വിദ്യാർത്ഥി).
നേർക്കുനേർ വരുമ്പോഴും സൗഹൃദത്തിന് യാതൊരു ഉലച്ചിലുമില്ലെന്നതാണ് ഇവരുടെ പ്രത്യേകത. സ്ഥാനാർത്ഥികളുടെ സൗഹൃദം കാണുമ്പോൾ പൊലീസുകാർ എന്തായാലും പൊലീസുകാരല്ലേയെന്നാണ് നാട്ടുകാരുടെ കമന്റ്. അതേസമയം,ആര് ജയിക്കുമെന്നതിൽ ഇവർക്കിടയിൽ ഒരു കോംപ്രമൈസുമില്ല.