മൂല്യമുള്ളതിനെ മനുഷ്യൻ ആരാധിക്കുന്നു:ഗുരു മുനിനാരായണപ്രസാദ്
വർക്കല:മതത്തിന് അതീതമായ ഒരു ചിന്താഗതിയോടെ നോക്കുകയാണെങ്കിൽ വിഗ്രഹാരാധന ഏതൊരു മനുഷ്യ മനസിനും സ്വീകാര്യമാണെന്നും ജീവിതത്തിൽ ഉന്നത മൂല്യമുള്ളത് എന്ന കരുതുന്ന ഏതിനെയും ആരാധനാ മനോഭാവത്തോടു കൂടി വീക്ഷിക്കുവാനുള്ള മനസാണ് മനുഷ്യനുള്ളതെന്നും നാരായണഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദ് പറഞ്ഞു. വർക്കല ഗുരുനാരായണഗിരിയിൽ ഖുർആൻ അകംപൊരുൾ എന്ന ഗ്രന്ഥത്തിന്റെ അഞ്ചാം പതിപ്പിന്റെ പ്രകാശന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുനിനാരായണപ്രസാദ്.
ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തി.ജാതിക്കും മതത്തിനും അതീതമായി മനുഷ്വത്വമാണ് ജീവിതത്തിന്റെ മഹോന്നത സത്യമെന്നും ഇത് അടിസ്ഥാനമാക്കി ജീവിക്കുവാൻ സാധിക്കണമെന്നുമാണ് ഗുരുദേവന്റെ തത്വദർശനത്തിന്റെ സാരമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യൻകൂടിയായ ഷൗക്കത്തിന് പുസ്തകം നൽകി സുനിൽ പി. ഇളയിടം പ്രകാശനം നിർവ്വഹിച്ചു. ആകാശവാണി മുൻ ഡയറക്ടർ എസ്. രാധാകൃഷ്ണൻ പുസ്തകപരിചയവും ഗ്രന്ഥകർത്താവ് സി.എച്ച്.മുസ്തഫമൗലവി മറുപടിപ്രസംവും നടത്തി.നാരായണഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ, സ്റ്റഡിസർക്കിൾ സംസ്ഥാന കോ- ഓർഡിനേറ്റർ എം.എസ്. സുരേഷ്, അകംപൊരുൾ ട്രസ്റ്റ് സെക്രട്ടറി പി.എച്ച്.ഷാജഹാൻ, ജയരാജൻ പെരുമ്പാവൂർ, ഷിജു.പി.കെ, റഫീഖ് ആനക്കാംപൊയിൽ, സി.എം.എ.റഷീദ് തുടങ്ങിയവർ പങ്കെടുത്തു.