രണ്ടുപേരെ സി.പി.എമ്മിൽ നിന്നും പുറത്താക്കി

Tuesday 02 December 2025 12:03 AM IST

ഗുരുവായൂർ: പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ സി.പി.എം കോട്ടപ്പടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ രണ്ടുപേരെ പാർട്ടിയിൽ നിന്നും പുറത്താക്കി. കോട്ടപ്പടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ ലിസി ബൈജു, യു.കെ.സുധീർ എന്നിവരെയാണ് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിനാൽ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ഇവർക്ക് ഇനി മുതൽ പാർട്ടിയുമായി മറ്റ് യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗുരുവായൂർ നഗരസഭാ 38-ാം വാർഡിൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ ലിസി ബൈജു വിമതയായി മത്സരരംഗത്തുണ്ട്. സി.പി.ഐയുടെ അനീഷ്മ ഷനോജാണ് ഇവിടെ ഔദ്യോഗിക സ്ഥാനാർത്ഥി. അനീഷ്മ മൂന്നാം തവണയാണ് ജനവിധി തേടുന്നത്. നിലവിൽ നഗരസഭ വൈസ് ചെയർ പേഴ്‌സനാണ് അനിഷ്മ. വിമത സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതിനാലാണ് സുധീറിനെയും സി.പി.എം പുറത്താക്കിയത്.