പെരുമാറ്റച്ചട്ടം നിലനിൽക്കേ കൗൺസിൽ : മേയറുടെ കസേര മേശപ്പുറത്ത് വച്ച് പ്രതിഷേധം

Tuesday 02 December 2025 12:07 AM IST
1

തൃശൂർ: പെരുമാറ്റച്ചട്ടം നിലനിൽക്കേ, കൗൺസിൽ യോഗം വിളിച്ചുചേർത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം കൗൺസിൽ ഹാളിലെത്തി മേയറുടെ കസേരയെടുത്ത് മേശപ്പുറത്ത് വച്ച് പ്രതിഷേധിച്ചു. ഇന്നലെ രാവിലെയാണ് കൗൺസിൽ ഹാളിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നാട്ടിൽ എന്ത് അടിയന്തര സാഹചര്യമാണ് ഇപ്പോൾ കൗൺസിൽ വിളിച്ചുചേർക്കാനായി ഉള്ളതെന്ന് മേയറും സെക്രട്ടറിയും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആവശ്യപ്പെട്ടു.

യോഗം തുടങ്ങും മുമ്പ് ഹാളിലെത്തിയ പ്രതിപക്ഷ കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് മേയറുടെ കസേരയെടുത്ത് മേശപ്പുറത്ത് വച്ചു. പിന്നീട് കസേര നടുത്തളത്തിൽ വച്ച് മുദ്രാവാക്യം വിളി തുടർന്നു. കസേരയെടുത്ത് മാറ്റിയതറിഞ്ഞ മേയർ എം.കെ.വർഗീസ് യോഗം മാറ്റിവച്ചെന്ന് എല്ലാവർക്കും സന്ദേശമയച്ചു. സംഭവമറിയാതെ എൽ.ഡി.എഫ് നേതാവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ.ഷാജൻ ഹാളിലെത്തി സമരം കണ്ടതോടെ മടങ്ങി. പല ഭരണകക്ഷി കൗൺസിലർമാരും ഹാളിൽ കയറാതെ സ്ഥലം വിട്ടു. ബി.ജെ.പി കൗൺസിലർമാർ വിനോദ് പൊള്ളാഞ്ചേരിയുടെ നേതൃത്വത്തിൽ കൗൺസിൽ ഹാളിൽ വന്നിരുന്ന ശേഷം സ്ഥലം വിട്ടു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അടിയന്തര വിഷയമുണ്ടെങ്കിലേ കൗൺസിൽ വിളിച്ചുകൂട്ടാവൂവെന്നാണ് ചട്ടം. എന്നാൽ പ്രധാനമല്ലാത്ത 35 അജണ്ടയുൾപ്പെടുത്തിയാണ് യോഗം വിളിച്ചത്. അതിൽ മേയർ മുൻകൂർ അനുമതി നൽകിയ വിഷയങ്ങൾ പാസാക്കുകയായിരുന്നു ലക്ഷ്യം. ടാഗോർ ഹാളിന് ചുറ്റും മതിൽ പണിതതിന്റെ 65 ലക്ഷവും അഭിഭാഷകർക്ക് ഫീസിനത്തിൽ ലക്ഷങ്ങൾ നൽകണമെന്ന അജണ്ടകളുമാണ് ഉണ്ടായിരുന്നത്.

കമ്മിഷന് പരാതി

നിയമലംഘനം നടത്തിയ മേയർക്കും സെക്രട്ടറിക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് ഇ.വി.സുനിൽരാജ്, ശ്രീലാൽ ശ്രീധർ, കെ.രാമനാഥൻ, വിനേഷ് തയ്യിൽ, എബി വർഗീസ്, റെജി ജോയ്, ലാലി ജെയിംസ്, രെന്യ ബൈജു, ആൻസി ജേക്കബ്, ശ്യാമള മുരളീധരൻ, സുനിത വിനു, ജയപ്രകാശ് പൂവത്തിങ്കൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

കൗ​ൺ​സി​ൽ​ ​യോ​ഗം​ ​വി​ളി​ച്ച​തി​ൽ​ ​ച​ട്ട​ലം​ഘ​ന​മി​ല്ല.​ ​പു​തി​യ​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ ​എ​ന്തെ​ങ്കി​ലും​ ​ന​ട​ത്തി​യാ​ൽ​ ​മാ​ത്ര​മേ​ ​പ്ര​ശ്‌​ന​മു​ള്ളൂ.​ ​അ​ത്ത​ര​ത്തി​ൽ​ ​ഒ​ന്നും​ ​അ​ജ​ണ്ട​യി​ലി​ല്ല.​ ​ഡി​സം​ബ​ർ​ 20​ ​വ​രെ​ ​ഞാ​നാ​ണ് ​മേ​യ​ർ. മേ​യ​ർ​ ​എം.​കെ.​ ​വ​ർ​ഗീ​സ്.