മസ്കിന്റെ പങ്കാളി ഇന്ത്യൻ വംശജ, മകൻ ശേഖർ
വാഷിംഗ്ടൺ: ടെസ്‌ല, സ്‌പേസ് എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌കിന് ഇന്ത്യയുമായി കുടുംബ ബന്ധം. ജീവിത പങ്കാളി ഷിവോൺ സിലിസ് (39) ഇന്ത്യൻ വംശജയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. മക്കളിൽ ഒരാളുടെ പേരിൽ ശേഖർ എന്നു ചേർത്തിട്ടുണ്ട്. ഫിസിക്സ് നോബൽ ജേതാവും ഇന്തോ-അമേരിക്കൻ ഗവേഷകനുമായ സുബ്രഹ്മണ്യൻ ചന്ദ്രശേഖറിനോടുള്ള ആദരവാണ് പേരിനു പിന്നിൽ. ഷിവോണിന്റെ ഇന്ത്യൻ ബന്ധം മസ്ക് തുറന്നുപറയുന്നത് ആദ്യമായാണ്.
ഇന്ത്യൻ സംരംഭകനും ഫിനാൻഷ്യൽ സർവീസ് കമ്പനിയായ സെറോദയുടെ സഹസ്ഥാപകനുമായ നിഖിൽ കാമത്തിന്റെ പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു മസ്ക്.
തന്റെ കമ്പനികളിലെ പ്രഗത്ഭരായ ജീവനക്കാരിൽ പലരും ഇന്ത്യക്കാരാണ്. ഇന്ത്യയിൽ നിന്നടക്കം വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്ന എച്ച് - 1 ബി വിസ നിറുത്തലാക്കാൻ പാടില്ലെന്നും പറഞ്ഞു.
മസ്കിനും ഷിവോണിനും നാലു മക്കൾ. സ്ട്രൈഡർ, അഷർ എന്നിവർ ഇരട്ടകൾ. ഇവരിൽ സ്ട്രൈഡറിന്റെ പേരിനൊപ്പമാണ് ശേഖറുമുള്ളത്. ആർകേഡിയ, സെൽഡൻ എന്നിവരാണ് ഈ ബന്ധത്തിലെ മറ്റു മക്കൾ. സ്‌പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിലെത്തിക്കാനുള്ള അതിയായ ആഗ്രഹവും അദ്ദേഹം പങ്കുവച്ചു.
ഷിവോൺ പഞ്ചാബി
ഷിവോണിന്റെ അമ്മ പഞ്ചാബി. അച്ഛൻ കനേഡിയൻ. ജനനവും പഠനവും കാനഡയിൽ
ഐ.ബി.എം, ബ്ലൂംബെർഗ് ബീറ്റ, ഓപ്പൺ എ.ഐ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തു
2017ൽ മസ്കിന്റെ ന്യൂറാ ലിങ്കിലെ സ്‌പെഷ്യൽ പ്രോജക്ട്സ് ഡയറക്ടർ. ഷീൽഡ് എ.ഐയിലെ ബോർഡ് അംഗം
വേറെ 10 മക്കൾ മസ്കിന് മുൻ ബന്ധങ്ങളിൽ 10 മക്കളുണ്ട്. കനേഡിയൻ എഴുത്തുകാരി ജസ്റ്റിൻ വിൽസൺ, ബ്രിട്ടീഷ് നടി താലൂല റൈലി എന്നിവർ മുൻ ഭാര്യമാരാണ്. കനേഡിയൻ ഗായിക ഗ്രിംസുമായുള്ള ബന്ധം 2021ൽ അവസാനിച്ചിരുന്നു.