മദ്യനിരോധന സമിതി പ്രതിഷേധത്തിന്
തൃശൂർ: മദ്യലഭ്യത കുറയ്ക്കുമെന്ന വാഗ്ദാനത്തോടെ അധികാരത്തിലെത്തിയ സർക്കാർ, ഒൻപതര വർഷത്തിനിടെ സംസ്ഥാനത്തെ മദ്യവിപണി ഉയരത്തിലെത്തിച്ചുവെന്ന് മദ്യനിരോധന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമിതി സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വിൻസെന്റ് മാളിയേക്കൽ പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ ദുരുപയോഗിക്കപ്പെടുന്ന ലഹരിവസ്തു മദ്യമാണ്. അത് ലഹരിയാണെന്ന് സമ്മതിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ജനങ്ങളെ പ്രലോഭിപ്പിച്ച് മദ്യാസക്തി വളർത്തിയത് ഭരണകൂടവും മദ്യലോബിയും ചേർന്നുള്ള കൂട്ടുകെട്ടിന്റെ ഫലമാണ്. മദ്യമൊഴുക്കി കുടുംബം തകർക്കുന്ന എൽ.ഡി.എഫിന് വോട്ടില്ലെന്നതാണ് നിലപാടെന്നും സമിതി ഭാരവാഹികൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ആന്റണി പന്തല്ലൂക്കാരൻ, പി.എം.ഹബ്ബീബുള്ള, മേഴ്‌സി ജോയ്, ജോസ് ചെമ്പിശേരി എന്നിവരും പങ്കെടുത്തു.