നവജിത്ത് രാസലഹരിക്ക് അടിമയെന്ന് പൊലീസ്

Tuesday 02 December 2025 12:33 AM IST

കായംകുളം: കണ്ടല്ലൂരിൽ പിതാവിനെ വെട്ടിക്കൊല്ലുകയും മാതാവിനെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത നവജിത്ത് രാസലഹരിക്ക് അടിമയെന്ന് പൊലീസ്. ലഹരി ഉപയോഗം ചോദ്യം ചെയ്‌തതിനാണ് അയാൾ അക്രമാസക്തനായത്.

സംഭവദിവസമായ ഞായറാഴ്ച രാവിലെ വീട്ടിൽ വച്ച് കൂട്ടുകാരുമൊത്ത് മദ്യപിക്കുകയും രാസലഹരി ഉപയോഗിക്കുകയും ചെയ്തു. തുടർന്ന് പുറത്ത് പോയ നവജിത്ത് വൈകിട്ടോടെ കൂടുതൽ ഉന്മാദത്തിലാണ് തിരികയെത്തിയത്. മാതാപിതാക്കൾ ഇത് ചോദ്യം ചെയ്തതോടെ അയാൾ

അക്രമാസക്തനാകുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന വാക്കത്തിയെടുത്ത് തുരുതുരെ വെട്ടുകയുമായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പൊലീസ് കീഴ്പ്പെടുത്തി സ്റ്റേഷനിൽ എത്തിച്ചപ്പോഴും പ്രതി ലഹരിയുടെ കടുത്ത ഉന്മാദത്തിലായിരുന്നു.

ലഹരി ഉപയോഗത്തെച്ചൊല്ലി വീട്ടിൽ വഴക്ക് പതിവാണ്. ഇതിന് മുമ്പും പലതവണയും ഇതേ ചൊല്ലി വാക്കേറ്റം ഉണ്ടായിട്ടുണ്ടെന്നും ആരുമായും

അധികം സഹകരണം ഇല്ലാത്തതിനാൽ അയൽക്കാർ ഇടപെട്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു.