നവജിത്തിന്റെ കൊടുംക്രൂരത, നടുക്കം മാറാതെ നാട്

Tuesday 02 December 2025 12:39 AM IST

മകന്റെ വെട്ടേറ്റ് മരിച്ച പിതാവിന്റെ സംസ്കാരം നാളെ, മാതാവ് ഗുരുതരാവസ്ഥയിൽ

കായംകുളം: അഭിഭാഷകനായ യുവാവ് ലഹരിയുടെ ഉന്മാദത്തിൽ മാതാപിതാക്കളെ വാക്കത്തികൊണ്ട് ക്രൂരമായി വെട്ടിയതിന്റെ നടുക്കത്തിലാണ് കണ്ടല്ലൂർ ഗ്രാമം. ആക്രമണത്തിൽ പിതാവ് തത്ക്ഷണം മരിച്ചു. മാതാവ് മരണത്തോട് മല്ലിട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം കൊലവിളിയുമായി നിന്ന മകനെ ബലം പ്രയോഗിച്ചാണ് പൊലീസ് കീഴ്പ്പെടുത്തിയത്.

കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നടരാജനെയാണ് (63) മകൻ നവജിത്ത് (30) വീട്ടിൽ വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ മാതാവ് സിന്ധു (48) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്ന സംഭവം. ലഹരിയുടെ ഉന്മാദത്തിലായിരുന്ന നവജിത്ത് വാക്കുതർക്കത്തെ തുടന്ന് സ്റ്റയർകേസിന് അടിയിലുണ്ടായിരുന്നു വാക്കത്തിയെടുത്ത് നടരാജനെ

തലയ്ക്ക് തുരുതുരെ വെട്ടുകയായിരുന്നു, വിരലുകൾ അറ്റുവീണു.

തടയാൻ ശ്രമിച്ച സിന്ധുവിനും മാരകമായി വെട്ടേറ്റു.

വലിയ ഇരുനില വീട്ടിൽ നിന്ന് അലർച്ച കേട്ടതോടെ അയൽവാസികളും നാട്ടുകാരും എത്തിയപ്പോൾ ഡൈനിംഗ് ഹാളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നടരാജനെയും സിന്ധുവിനെയുമാണ് കണ്ടത്.

വെട്ടുകത്തിയുമായി മുകൾ നിലയിലെ ബാൽക്കണിയിൽ ആക്രമാസക്തനായി നിന്ന നവജിത്തിനെ പൊലീസെത്തി കയറും തുണിയും കൊണ്ട് വരിഞ്ഞ് കെട്ടിയാണ് കീഴ്പ്പെടുത്തിയത്.

ആബുലൻസ് എത്തിയപ്പോഴേക്കും നടരാജൻ മരിച്ചിരുന്നു.

തുടർന്ന് ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെയും നടരാജനെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നടരാജന്റെ അറ്റുവീണ

വിരലുകൾ പൊതിഞ്ഞെടുത്താണ് ആശുപത്രിയിലെത്തിച്ചത്. നടരാജനെ രക്ഷിക്കാനായില്ല.

മാവേലിക്കര കോടതിയിലെ അഭിഭാഷകനായ നവജിത്തിന്റെ ഭാര്യ നവ്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇളയ സഹോദരൻ നിധിൻരാജും സഹോദരി നിധിമോളും ആയുർവേദ ഡോക്ടർമാരാണ്. സംഭവം നടക്കുമ്പോൾ ഇരുവരും സ്ഥലത്ത് ഉണ്ടായിരുന്നില്ല.

നവജിത്ത് റിമാൻഡിൽ

ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതി നവജിത്തിനെ റിമാൻഡ് ചെയ്തു. ലഹരി ഉപയോഗം കണ്ടെത്താൻ രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അബോധാവസ്ഥയിൽ തുടരുന്ന മാതാവ് സിന്ധുവിനെ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ രാത്രിയോടെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. നടരാജന്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.

ഫോറൻസിക് വിദഗ്ദ്ധർ സംഭവസ്ഥത്തെത്തി തെളിവുകൾ ശേഖരിച്ചു. ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ സ്ഥലം സന്ദർശിച്ചു. കനകക്കുന്ന് സി.ഐ സി. അമൽ,എസ്.ഐ പ്രദീപ്,എ.എസ്.ഐ റീന,സജീഷ്,നവാസ്,ഷിജാർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.