സ്കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു; ചെന്നൈ, തിരുവള്ളുർ ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്
ചെന്നൈ: കനത്ത മഴയുടെയും പ്രളയ മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ചെന്നൈയിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ്നാട് , പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂന മർദ്ദത്തെ തുടർന്ന് തിരുവള്ളൂർ, ചെന്നൈ ജില്ലകളിൽ ചൊവ്വാഴ്ച വരെ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടു ജില്ലകളിലും പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഡിറ്റ്‌വാ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തിരുവള്ളൂരിൽ പൂനമല്ലി ഹൈവേയിൽ മഴയെ തുടർന്നുള്ള വെള്ളക്കെട്ടിൽ ഒരു കാർ കുടുങ്ങി. ചൊവ്വാഴ്ച ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തങ്കച്ചിമഠത്തിലെ ജനവാസ കേന്ദ്രങ്ങൾ ഒറ്റപ്പെട്ടു പോയതായി റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കടലൂർ, റാണിപ്പേട്ട് പ്രദേശങ്ങളിലടക്കം ശക്തമായ മഴയായിരുന്നു. 24 മണിക്കൂറിൽ മഴയുടെ തീവ്രത കുറയുമെന്നാണ് വിലയിരുത്തൽ .