അഭിഭാഷക നിയമനങ്ങളിൽ ഭിന്നശേഷി സംവരണം: ഹർജിയിൽ നോട്ടീസ്

Tuesday 02 December 2025 12:00 AM IST

ന്യൂഡൽഹി: കേരളത്തിലെ സർക്കാർ അഭിഭാഷകരുടെ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം വേണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ്. നാലാഴ്ചയ്‌ക്കകം നിലപാട് അറിയിക്കണം. പത്തനംതിട്ട സ്വദേശിനിയും ഭിന്നശേഷിക്കാരിയുമായ അഡ്വ. കെ.ആർ. ഷിനു സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. സർക്കാർ തസ്‌തികകളിൽ 4 ശതമാനം സംവരണം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇക്കാര്യം അഡിഷണൽ സർക്കാർ പ്ലീഡർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തുടങ്ങിയ തസ്‌തികകളിൽ നടപ്പാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. കരാർ അടിസ്ഥാനത്തിലുള്ള താത്കാലിക തസ്‌തികകളാണെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി ഷിനുവിന്റെ ഹർജി തള്ളിയിരുന്നു. തുടർന്നാണ് അഡ്വ. എം.ആർ. അഭിലാഷ് മുഖേന സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.