പുതിയ മൊബൈലുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധം
ന്യൂഡൽഹി: എല്ലാ മൊബൈൽ ഫോൺ നിർമ്മാതാക്കളും ടെലികോം വകുപ്പ് വികസിപ്പിച്ച സൈബർ സുരക്ഷാ ആപ്പ് സഞ്ചാർ സാഥി മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് ഉത്തരവ്.
90 ദിവസത്തിനുള്ളിൽ നിർദ്ദേശം നടപ്പിലാക്കി 120 ദിവസത്തിനുള്ളിൽ വകുപ്പിന് റിപ്പോർട്ട് നൽകണം.
വ്യാജ ഹാൻഡ്‌സെറ്റുകൾ, ഒന്നിലധികം ഫോണുകളിൽ ഒരേ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിക്കൽ, വ്യാജ സിം കാർഡ്, വ്യാജ കണക്‌ഷനുകൾ തുടങ്ങിയ തട്ടിപ്പുകൾ തടയാനും നഷ്‌ടപ്പെട്ട ഫോണുകൾ ട്രാക്ക് ചെയ്യാൻ ഉതകുകയും ചെയ്യുന്നആപ്പാണിത്.
നിർമ്മാണവേളയിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പ് ആദ്യ ഉപകരണ സജ്ജീകരണ സമയത്ത് വ്യക്തമായി ദൃശ്യമാകണം. പെട്ടെന്ന് ഉപയോഗിക്കാനുമാകണം. നിലവിൽ വിൽപനയ്‌ക്ക് എത്തിച്ച മോഡലുകളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്യണം.
ഇന്ത്യയിൽ ആദ്യമായി പ്രീ ഇൻസ്റ്റാൾഡ് ആപ്പ് നിർബന്ധമാക്കുന്നതിൽ വിമർശനവും ഉയരുന്നു. സഞ്ചാർ സാഥി വഴി സർക്കാരിന് ഉപഭോക്താവിന്റെ ഫോൺ ട്രാക്കു ചെയ്യാൻ കഴിയുമെന്നതാണ് പ്രധാന ആരോപണം.
വാട്ട്‌സ് ആപ്പ് സിമ്മുള്ള
ഫോണിൽ മാത്രം
സിം കാർഡ് ഉള്ള ഫോണിൽ മാത്രം വാട്ട്‌സ്ആപ്പ് ഉപയോഗം കർശനമാക്കുന്ന സിം ബൈൻഡിംഗ് ഉടൻ നിലവിൽ വരും. ഇതോടെ സിംകാർഡ് ഒരു ഫോണിലും വാട്ട്‌സ് ആപ്പ് മറ്റൊന്നിലും ഉപയോഗിക്കുന്ന രീതിക്ക് അവസാനമാകും. സൈബർ സുരക്ഷയുടെ ഭാഗമായി മൂന്നുമാസത്തിനുള്ളിൽ ഇത് നടപ്പാക്കാൻ വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്‌നാപ്ചാറ്റ് അടക്കം മെസേജിംഗ് ആപ്പുകൾക്ക് ടെലികോം വകുപ്പ് നിർദ്ദേശം നൽകി. ഓരോ വാട്ട്‌സ്ആപ്പ് അക്കൗണ്ടും സജീവ സിം കാർഡുമായി ലിങ്ക് ചെയ്‌തിരിക്കണം. വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർ ഓരോ ആറ് മണിക്കൂറിലും ലോഗ്ഇൻ ചെയ്യേണ്ടി വരും.