എം.പിയുടെ കാറിൽ നായ: നായ്‌ക്കൾ സർക്കാരിലെന്ന പ്രതികരണം വിവാദമായി

Tuesday 02 December 2025 12:00 AM IST

ന്യൂഡൽഹി: തെരുവു നായയുമായി പാർലമെന്റ് വളപ്പിലെത്തിയ കോൺഗ്രസ് എം.പി രേണുക ചൗധരി വിവാദത്തിൽ. കടിക്കുന്ന യഥാർത്ഥ നായ്‌ക്കളാണ് പാർലമെന്റിൽ സർക്കാരിനെ നയിക്കുന്നതെന്ന എം.പിയുടെ പ്രസ്‌താവന അതിലും വലിയ വിവാദമായി.

രാവിലെ പാർലമെന്റിലേക്കുള്ള യാത്രാമദ്ധ്യേ സ്കൂട്ടറും കാറും കൂട്ടിയിടിച്ച സ്ഥലത്ത് കണ്ട നായയെയാണ് കാറിൽ കയറ്റിയതെന്ന് രേണുക പറഞ്ഞു. നായ്‌ക്കുട്ടിയുടെ സുരക്ഷയിൽ ആശങ്ക തോന്നിയതിനാൽ കൂടെക്കൂട്ടി. തന്നെ പാർലമെന്റിൽ ഇറക്കിയ ശേഷം നായയുമായി കാർ വീട്ടിലേക്ക് പോയി. തെരുവു നായ്‌ക്കളെ സംരക്ഷിക്കുന്ന ആളാണെന്നും വിശദീകരിച്ചു.

നായയെ കാറിൽ കയറ്റി കൊണ്ടുവന്നതിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്നും പറഞ്ഞു. മിണ്ടാപ്രാണിയെ പരിപാലിച്ചതാണോ പ്രശ്‌നം. കടിക്കുന്ന യഥാർത്ഥ നായ്ക്കൾ പാർലമെന്റിൽ ഇരിക്കുന്നു. അവരാണ് സർക്കാരിനെ നയിക്കുന്നത്. സർക്കാരിന് മറ്റൊന്നും ചെയ്യാനില്ലേയെന്നും ചോദിച്ചു.

നായ്ക്കളെയോ മറ്റ് മൃഗങ്ങളെയോ പാർലമെന്റ് വളപ്പിലേക്ക് കൊണ്ടുവരാൻ അനുവാദമില്ലെന്നും നടപടിയെടുക്കണമെന്നും ബി.ജെ.പി എം.പി ജഗദാംബിക പാൽ ആവശ്യപ്പെട്ടു.