അഞ്ചരക്കണ്ടിയിൽ ചെങ്കോട്ട ഇളകുമോ?

Monday 01 December 2025 11:30 PM IST

കണ്ണൂർ: രൂപം കൊണ്ട കാലം മുതൽ ഇടതുപക്ഷത്തിനൊപ്പം മാത്രം നിലകൊണ്ട പഞ്ചായത്താണ് അഞ്ചരക്കണ്ടി.15 വാർഡുകളുള്ള പഞ്ചായത്തിൽ രണ്ടു വാർഡുകൾ അധികമായി വന്ന് 17 ആയി. ഇത്തവണത്തെ വാർഡ് വിഭജനം അനുകൂലമാകുമെന്നാണ് എൽ.ഡി.എഫിന്റെ കണക്ക് കൂട്ടൽ. യു.ഡി.എഫും വാർഡ് വിഭജനത്തെ തങ്ങൾക്ക് അനുകൂലമായാണ് നോക്കി കാണുന്നത്. നിലവിലുള്ള വാർഡിലെ നില മെച്ചപ്പെടുത്താനും പുതിയ വാർഡുകൾ പിടിച്ചെടുക്കാനുമുള്ള തന്ത്രങ്ങളുമായി എൽ.ഡി.എഫ് പ്രചാരണരംഗത്ത് നേരത്തേ സജീവമാണ്.

വികസന പ്രവർത്തനങ്ങളും ആരോഗ്യരംഗത്തുണ്ടാക്കിയ പുരോഗതിയും ലഭിച്ച പുരസ്‌കാരങ്ങളും മറ്റു നേട്ടങ്ങളും ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് ഇത്തവണയും പ്രചാരണം പൊടിപൊടിക്കുന്നത്. നിലവിൽ 15 ൽ 11 വാർഡുകളിൽ സി.പി.എമ്മും ഒരു വാർഡിൽ സി.പി.ഐയുമാണ് . പുതിയ വാർഡുകൾ ഉൾപ്പെടെ കൂടുതൽ സീറ്റുകൾ ജയിക്കാനുള്ള പ്രവർത്തനങ്ങളുമായാണ് ഇടതുപക്ഷം മുന്നോട്ടു പോകുന്നത്.

യു.ഡി .എഫിൽ രണ്ടിടത്ത് കോൺഗ്രസ്സും മുസ്ലിം ലീഗ് ഒരു വാർഡിലുമാണ്. സംസ്ഥാന സർക്കാരിന്റെ പോരായ്മകളും പഞ്ചായത്തിലെ വികസന മുരടിപ്പും പ്രധാന ആയുധമാക്കിയാണ് യു.ഡി.എഫ് പ്രചാരണം. പല വാർഡുകളിലും നേരിയ വോട്ടിനാണ് കഴിഞ്ഞ തവണ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടതെന്ന കോൺഗ്രസിന്റെ വിലയിരുത്തൽ ഇത്തവണ പ്രവർത്തകരെ ആവേശത്തോടെ പ്രവർത്തിക്കാൻ ഇടയാക്കുന്നുണ്ട്. ഇത്തവണ വമ്പിച്ച മുന്നേറ്റമുണ്ടാകുമെന്നാണ് കോൺഗ്രസും ലീഗും പറയുന്നത്.

കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ നിരത്തി ബി.ജെ.പിയും മത്സരരംഗത്ത് സജീവമാണ്. കേന്ദ്ര സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉയർത്തി പിടിച്ചാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടു തേടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില വാർഡുകളിൽ മികച്ച രീതിയൽ വോട്ടുനേടാൻ സാധിച്ചുവെന്നത് പ്രവർത്തകർക്ക് ഇപ്രാവശ്യം ആവേശം പകരുകയാണ്.