വേദിയെ ചൊല്ലി തർക്കം; കഥകളി മത്സരം വൈകി

Tuesday 02 December 2025 4:40 AM IST

ആറ്റിങ്ങൽ: വേദിയെച്ചൊല്ലി സംഘാടകരും രക്ഷിതാക്കളും തമ്മിൽ തർക്കമുണ്ടായതോടെ കഥകളി മത്സരം വൈകിയത് നാല് മണിക്കൂർ. സി.എസ്.ഐ.ഇ.എം.എച്ച്.എസിലെ വേദിയെച്ചൊല്ലിയായിരുന്നു തർക്കം. ഇതോടെ മൂന്നിന് ആരംഭിക്കേണ്ട മത്സരം ഏഴോടെയാണ് തുടങ്ങാനായത്.

വേദി അഞ്ചിലാണ് കഥകളി നിശ്ചയിച്ചിരുന്നത്. എന്നാൽ മത്സരിക്കാനെത്തിയ പെൺകുട്ടികൾക്ക് ഗ്രീൻറൂം ഒരുക്കിയിരുന്നത് 200 മീറ്റർ മാറി വേദി നാലിന് അടുത്തായിരുന്നു. വേഷമിട്ട് വേദിയിലെത്താനുള്ള ബുദ്ധിമുട്ട് മത്സരാർത്ഥികൾ സംഘാടകരെ അറിയിക്കുകയും വേദി നാല് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ വഴങ്ങാത്തതിനെ തുടർന്ന് മത്സരാർത്ഥികൾ മുഖത്ത് ചുട്ടിമാത്രമാണ് കുത്തിയത്.

ആഹാരം പോലും കഴിക്കാതെ മണിക്കൂറുകളോളം നിന്ന ഇവരിൽ പലരും തള‌ർന്നു. ഒടുവിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജാ ഗോപിനാഥും രക്ഷിതാക്കളും തമ്മിൽ നടന്ന ചർച്ചയ്ക്കൊടുവിൽ വേദി അഞ്ചിൽ തന്നെ മത്സരിക്കാമെന്ന് സമ്മതിക്കുകയായിരുന്നു.