ക്രിസ്മസ് വിപണി സജീവം
Tuesday 02 December 2025 12:45 AM IST
വെള്ളറട: ഡിസംബറായതോടെ ക്രിസ്മസ് വിപണി സജീവമായി. വിവിധ മോഡലുകളിലും നിറങ്ങളിലുമുള്ള വലിയ നക്ഷത്രങ്ങളും എൽ.ഇ.ഡി ബൾബുകളും കൊണ്ട് ഫുട്പാത്തുകൾ ഉണർന്നു. 40 രൂപ മുതൽ 2000 രൂപവരെയുള്ള അലങ്കാര വസ്തുക്കളാണ് വ്യാപാര സ്ഥാപനങ്ങളിൽ ഇടം തേടിയിട്ടുള്ളത്. കൂടുതലും ചൈനീസ് നിർമ്മിതങ്ങളായ ഉത്പന്നങ്ങളാണ്. ഇതിനു പുറമെ ക്രിസ്മസ് ട്രീയും, അതും പലമോഡലുകളിലും പല സൈസിലുമാണ് എത്തിയിട്ടുള്ളത്. സന്ധ്യയായാൽ വില്പന കേന്ദ്രങ്ങളിൽ വിവിധ തരത്തിലും നിറത്തിലുമുള്ള ലൈറ്റുകൾ മിഴിത്തുറക്കും. ഇത് കൂടുതൽ പേരെ ആകർഷിക്കുന്നു. കച്ചവടം ഉഷാറാക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. ചൈനീസ് ഉല്പനങ്ങൾ വില കുറച്ച് കിട്ടുന്നതുകാരണം കൂടുതൽ പേരും ക്രിസ്മസ് അലങ്കാങ്ങൾക്ക് ഇവയാണ് അന്വേഷിച്ചെത്തുന്നത്. എൽ. ഇ .ഡി ബൾബുകൾക്കും സ്റ്റാറുകൾക്കുമാണ് ആവശ്യക്കാരേറെ.