തിരഞ്ഞെടുപ്പ് പരാജയ നിരാശ, പാർലമെന്റിൽ നാടകം വേണ്ട: പ്രധാനമന്ത്രി
ശീതകാല സമ്മേളനത്തിന് തുടക്കം
ന്യൂഡൽഹി: ബീഹാർ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ പാർലമെന്റിനെ രാഷ്ട്രീയ നാടക വേദിയാക്കാൻ ശ്രമിക്കരുതെന്ന് പ്രതിപക്ഷത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ കഴിയാത്ത പാർട്ടികളെ അത് അലട്ടുന്നു. വരും തിരഞ്ഞെടുപ്പുകളിലും അതുണ്ടാകും. പരാജയങ്ങളെക്കുറിച്ചുള്ള നിരാശ പാർലമെന്ററി നടപടിക്രമങ്ങളെ ബാധിക്കരുത്. ജയിച്ചവർക്ക് ധാർഷ്ട്യം വേണ്ട. ശീതകാല സമ്മേളനത്തിൽ ജനപ്രതിനിധികൾ അന്തസ് പാലിക്കണം. നയരൂപീകരണത്തിനും അവതരണത്തിനുമുള്ള പാർലമെന്റിനെ നാടക വേദിയാക്കരുത്. നാടകങ്ങൾ കളിക്കാനും മുദ്രാവാക്യം വിളിക്കാനും യഥേഷ്ടം വേദികളുണ്ട്. പാർലമെന്റിൽ,നയങ്ങളിൽ ശ്രദ്ധിക്കണം. ഉദ്ദേശ്യം വ്യക്തമായിരിക്കണം.
പാർലമെന്റ് സമ്മേളനം വെറുമൊരു ആചാരമല്ല. രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതിയിലേക്കുള്ള യാത്രയ്ക്ക് ഊർജ്ജം പകരുന്ന ഒരു പ്രധാന സ്രോതസാണ്. എല്ലാവരും ഈ ഉത്തരവാദിത്വം മനസിലാക്കി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോദി നാടകക്കാരൻ: ഖാർഗെ
പാർലമെന്റിൽ പ്രധാന വിഷയങ്ങൾ അഭിസംബോധന ചെയ്യുന്നതിനുപകരം പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും നാടകം കളിച്ചെന്ന് കോൺഗ്രസ് അദ്ധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുന ഖാർഗെ പ്രതികരിച്ചു. വായു മലിനീകരണം,എസ്.ഐ.ആർ തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നത് നാടകമല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രാധാന്യമുള്ള വിഷയങ്ങളിലെ ജനാധിപത്യ ചർച്ചകൾ അനുവദിക്കാത്തതാണ് നാടകം.
എസ്.ഐ.ആറിൽ ബഹളം
എസ്.ഐ.ആറിലും രാജ്യസുരക്ഷയിലും പ്രത്യേക ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് പ്രക്ഷുബ്ധമായ തുടക്കം. ബഹളത്തിനിടയിലും ലോക്സഭ മണിപ്പൂർ ചരക്ക് സേവന നികുതി ഭേദഗതി ബിൽ,ജി.എസ്.ടി ഭേദഗതി ബിൽ,ആരോഗ്യ-ദേശീയ സുരക്ഷ ബിൽ എന്നിവ പാസാക്കി. എസ്.ഐ.ആർ അടക്കം വിഷയങ്ങളിൽ ലോക്സഭ രണ്ടു തവണ നിറുത്തിവച്ച ശേഷം ഉച്ചയ്ക്ക് രണ്ടുമണിക്ക് പിരിഞ്ഞു. പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോൾ എസ്.ഐ.ആർ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും സമയപരിധി നിശ്ചയിക്കരുതെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ബീഹാർ,ഹരിയാന,മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പരാജയത്തിലെ വേദനയാണ് പ്രതിപക്ഷം സഭയിലെ ബഹളത്തിലൂടെ പ്രതിഫലിപ്പിക്കുന്നതെന്നും ഡോക്ടറുടെ സേവനം തേടണമെന്നും രാജ്യസഭാ നേതാവ് ജെ.പി നദ്ദ പറഞ്ഞു. ബഹളത്തിലാണ് വൈകിട്ട് രാജ്യസഭയും പിരിഞ്ഞത്. സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെയുടെ ചേംബറിൽ പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്നിരുന്നു.
സി.പി. രാധാകൃഷ്ണന് അരങ്ങേറ്റം ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ രാജ്യസഭാ അദ്ധ്യക്ഷനായി അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ ജൂലായിൽ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ജഗ്ദീപ് ധൻകർ രാജിവച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിലാണ് രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷത്തിന്റെ എസ്.ഐ.ആർ പ്രതിഷേധം നേരിട്ടുകൊണ്ടാണ് രാധാകൃഷ്ണന്റെ തുടക്കം. രാവിലെ സഭയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനെ സ്വാഗതം ചെയ്തു. ജീവിതം സാമൂഹ്യ സേവനത്തിനായി സമർപ്പിച്ച,കർഷക കുടുംബാംഗമായ സി.പി.രാധാകൃഷ്ണൻ എല്ലാവർക്കും മാതൃകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുൻ ഉപരാഷ്ട്രപതി സർവേപ്പള്ളി രാധാകൃഷ്ണനുമായി രാധാകൃഷ്ണനെ താരമത്യം ചെയ്താണ് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ സംസാരിച്ചത്. വിമർശങ്ങൾക്ക് ചെവികൊടുത്തില്ലെങ്കിൽ ജനാധിപത്യം നശിക്കുമെന്ന് സർവേപ്പള്ളി രാധാകൃഷ്ണൻ പറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പ്രസംഗത്തിനിടെ മുൻ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറിന്റെ രാജിയെക്കുറിച്ച് ഖാർഗെ പരാമർശിച്ചത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു.