എസ്.ഐ.ആർ: തമിഴ്നാട്ടിൽ വ്യാജപ്രചാരണമെന്ന് കമ്മിഷൻ, ചോദ്യംചെയ്ത് കൂടുതൽ ഹർജികൾ
ന്യൂഡൽഹി: തമിഴ്നാട്ടിലെ ഡി.എം.കെ, സി.പി.എം പാർട്ടികൾ അവിടുത്തെ എസ്.ഐ.ആർ പ്രക്രിയക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ അറിയിച്ചു. രാഷ്ട്രീയ താത്പര്യങ്ങളാണ് ഇതിനു പിന്നിൽ. 96.65% എന്യുമറേഷൻ ഫോമുകൾ വിതരണം ചെയ്‌തു. നടൻ വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ പാർട്ടി സമർപ്പിച്ച ഹർജിയടക്കം വ്യാഴാഴ്ച പരിഗണിക്കും.
എസ്.ഐ.ആർ പ്രക്രിയയിൽ നിന്ന് അസാമിനെ ഒഴിവാക്കിയതിനെതിരെ ഹർജിയെത്തി. ഉത്തർപ്രദേശിലെ എസ്.ഐ.ആർ നീട്ടിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി നേതാവ് അരവിന്ദ് കുമാർ സിംഗ് ഹർജി സമർപ്പിച്ചു.
കുടിയേറ്രക്കാരും
കോടതിയിൽ
2014ന് മുൻപ് അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്‌ത്യൻ, ജെയിൻ കുടിയേറ്റക്കാർക്ക് വേണ്ടി സന്നദ്ധസംഘടനയായ ആത്മദീപ് സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വ സർട്ടിഫിക്കറ്റ് വിതരണം വൈകുന്നത് കാരണം പശ്ചിമബംഗാളിലെ അടക്കം വോട്ടർപട്ടികയിൽ നിന്ന് ഒഴിവാകുമോയെന്ന് ആശങ്കയുന്നയിച്ചു. ഇതിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. അതേസമയം, ബംഗാളിൽ 99% പേർക്കും എന്യുമറേഷൻ ഫോം നൽകിയെന്നും, കൂട്ടത്തോടെ വോട്ടവകാശം നിഷേധിച്ചെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ഈ മാസം 9നാണ് പശ്ചിമബംഗാളുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുന്നത്.