മോഷണശ്രമം തടഞ്ഞ തട്ടുകട ഉടമയ്‌ക്ക് വെട്ടേറ്റു
വിഴിഞ്ഞം: വിഴിഞ്ഞം മുക്കോലയിൽ മോഷണശ്രമം തടഞ്ഞ തട്ടുകട ഉടമയുടെ മുഖത്ത് വെട്ടേറ്റു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കിടാരക്കുഴി മണിമംഗലത്ത് സന്തോഷ് കുമാറിനാണ് (62) ഇടതുകണ്ണിനു താഴെ വെട്ടേറ്റത്. സംഭവത്തിൽ ഉച്ചക്കട പുലിയൂർക്കോണം സ്വദേശി മുഹമ്മദ് കൈഫിനെ (24) വിഴിഞ്ഞം എസ്.എച്ച്.ഒ സുനിൽ ഗോപി,എസ്.ഐ വിജിത്.കെ.നായർ എന്നിവരടങ്ങുന്ന സംഘം പിടികൂടി. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
മുക്കോല ജംഗ്ഷനിൽ വീടിനോടു ചേർന്ന് തട്ടുകട നടത്തുന്ന സന്തോഷ്‌കുമാർ എത്തിയപ്പോൾ കടയ്‌ക്ക് സമീപം പതുങ്ങിനിന്ന പ്രതിയെ കണ്ടു. അടുത്തേക്ക് ചെന്നപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തടയാനുള്ള ശ്രമത്തിനിടെ പ്രതി കൈയിലിരുന്ന വെട്ടുകത്തിയെടുത്ത് കഴുത്തിനു നേരെ വീശി, ഒഴിഞ്ഞു മാറുന്നതിനിടെയാണ് സന്തോഷിന് മുഖത്ത് പരിക്കേറ്റത്. ബലപ്രയോഗത്തിനിടെ പ്രതിയുടെ മൊബൈൽ ഫോണും വെട്ടുകത്തിയും ആയുധവും തറയിൽ വീണു. രക്ഷപ്പെട്ട പ്രതി വീണ്ടുമെത്തി സന്തോഷ് കുമാറിനെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.
മോഷണ ശ്രമത്തിന് മുമ്പ് മുക്കോലയിലെ ബാറിനു മുന്നിൽ ഓടയിൽ വീണ പ്രതിക്ക് തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്കേറ്റെന്ന് പൊലീസ് വ്യക്തമാക്കി. സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഗ്രേഡ് എസ്.ഐ പ്രസന്നകുമാർ,എ.എസ്.ഐമാരായ ഗോഡ്‌വിൻ,രജിത,മിനി,സി.പി.ഒ വിപിൻ,ഷിജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.