മദ്ധ്യപ്രദേശിലെ തട്ടിപ്പ്: മലയാളിയുടെ 111.32 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
കൊച്ചി: മദ്ധ്യപ്രദേശിലെ സാമ്പത്തിക തട്ടിപ്പുകേസിൽ മലയാളി വ്യവസായിയുടെ 111.32 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ബാങ്ക് വായ്‌പകളിലും മറ്റുമായി 1266.63 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് അങ്കമാലി സ്വദേശി ശ്രീകാന്ത് ഭാസിയുടെ കേരളം, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ സ്വത്തുക്കൾ കണ്ടുകെട്ടിയത്.
ശ്രീകാന്ത് ഭാസി മുഖ്യ ഉടമയും പ്രൊമോട്ടറുമായ ഭോപ്പാലിലെ അഡ്വാന്റേജ് ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് ഇ.ഡിയുടെ കേസ്. വായ്‌പകൾ, വ്യാജരേഖകൾ ഉപയോഗിച്ച് ഇടപാടുകൾ, ബാങ്ക് ഫണ്ട് തിരിമറി, വ്യാജ വ്യാപാരയിടപാടുകൾ തുടങ്ങിയവ വഴി സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഷാപ്പൂര ശാഖയ്‌ക്ക് 1266.63 കോടി നഷ്‌ടമുണ്ടാക്കുകയായിരുന്നു. വൻവിലയുള്ള സ്വത്തുക്കൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രീകാന്ത് ഭാസി വാങ്ങിയിട്ടുണ്ട്. അഡ്വാന്റേജ് ഓവർസീസിന് പുറമെ എ.എം.ജി ഗ്രൂപ്പ് സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പേരിലും ക്രമക്കേട് നടത്തി.
കള്ളപ്പണ വിനിയമ നിരോധന നിയമം (പി.എം.എൽ.എ ) പ്രകാരം ഇ.ഡിയുടെ ഭോപ്പാൽ ഓഫീസാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. ദുബായ്, യു.എ.ഇ എന്നിവിടങ്ങളിലെ 163.2 കോടിയുടെ ഒമ്പത് സ്വത്തുക്കൾ നവംബർ 17ന് കണ്ടുകെട്ടിയിരുന്നതായും ഇ.ഡി അറിയിച്ചു.