ലഹരിസംഘങ്ങൾ തമ്മിൽ തർക്കം: ആക്രമണത്തിൽ യുവതിക്ക് പരിക്ക്

Tuesday 02 December 2025 12:37 AM IST

* സ്ഫോടകവസ്തു എറിഞ്ഞ് വീടുകയറി ആക്രമണം

പറവൂർ: ലഹരി മാഫിയാ സംഘങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് സ്ഫോടകവസ്തു എറിഞ്ഞ് വീടുകയറി നടത്തിയ ആക്രമണത്തിൽ താമസക്കാരിയായ യുവതി റോഷ്നിക്ക് (25) തലയ്ക്ക് പരിക്കേറ്റു. വീട്ടിലേക്ക് എറിഞ്ഞ രണ്ട് സ്ഫോടകവസ്തുക്കളിൽ ഒരെണ്ണം പൊട്ടിത്തെറിച്ചെങ്കിലും മറ്റാർക്കും പരിക്കില്ല. ഏഴിക്കര പഞ്ചായത്തിലെ നന്ത്യാട്ടുകുന്നം അമ്പാട്ട് കോളനിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.

കാറിലെത്തിയ ഒരു യുവതി ഉൾപ്പെട്ട നാലംഗസംഘം രാത്രി എട്ടോടെ വീട് ആക്രമിക്കുകയും സ്ഫോടകവസ്തുക്കൾ എറിയുകയും ചെയ്തു. വലിയ ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ വീട്ടിൽനിന്ന് പുകഉയരുന്നത് കണ്ട് പരിഭ്രാന്തരായി. സംഭവമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും കാറിൽ വന്ന സംഘം കടന്നു കളഞ്ഞു. അർദ്ധരാത്രിയോടെ ഇവർ നാലുപേരും വീണ്ടും കാറിൽ തിരിച്ചെത്തി. ബഹളത്തിനിടയിൽ വീണ്ടും സ്ഫോടകവസ്തു എറിഞ്ഞെങ്കിലും പൊട്ടിയില്ല. വീട്ടിലുണ്ടായിരുന്ന യുവതിയുടെ തലക്ക് ബിയർകുപ്പി കൊണ്ട് അടിച്ചു.

തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ എ.എൻ. വിജിനും റോഷ്നിയും ദമ്പതികളാണെന്ന് പരിചയപ്പെടുത്തി രണ്ടുമാസംമുമ്പാണ് വീട് വാടകയ്ക്കെടുത്തത്. ഒരാഴ്ച കഴിഞ്ഞപ്പോൾ മറ്റ് ചില യുവതികളേയും വീട്ടിൽ കണ്ടുതുടങ്ങി. വളർത്തുനായയെ സദാസമയം അഴിച്ചുവിടുന്നതിനാൽ അയൽവാസികളാരും വീട്ടിലേക്ക് ചെന്നിരുന്നില്ല. അപരിചിതരായ ആളുകൾ രാത്രിയും പകലും വീട്ടിൽ വന്നുപോകുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടിൽ താമസിക്കുന്നവർ തമ്മിൽ വാക്കേറ്റവും ബഹളവും സ്ഥിരമായതോടെ സമീപവാസികൾ ചോദ്യംചെയ്തു. ഇതോടെ ഇവർ നാട്ടുകാർക്ക് നേരെയും തട്ടിക്കയറാൻ തുടങ്ങി. മൂന്നുദിവസംമുമ്പ് നന്ത്യാട്ടുകുന്നത്ത് ഈ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് സമീപത്തെ വീടുകളുടെ ഗേറ്റ് ലൈറ്റുകൾ പൊട്ടിയിരുന്നു.

പൊട്ടാത്ത സ്ഫോടകവസ്തു പൊലീസ് ആളൊഴിഞ്ഞ പറമ്പിലേക്ക് മാറ്റിയശേഷം ബോംബ് സ്ക്വാഡെത്തി നിർവീര്യമാക്കി. വീട്ടിലുണ്ടായിരുന്നവർ മയക്കുമരുന്ന് ഉപയോഗവും വില്പനയും നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീടിന് സമീപത്തെ പറമ്പിൽനിന്ന് സിറിഞ്ചുകൾ കണ്ടെടുത്തു. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.