പാൻമസാല ഉത്പന്നങ്ങൾക്ക് സെസ് നിയമലംഘകർക്ക് കടുത്ത ശിക്ഷ

Tuesday 02 December 2025 12:47 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനുമുള്ള ചെലവുകൾ നിറവേറ്റുന്നതിന് പാൻമസാല ഉത്പന്നങ്ങൾക്ക് സെസ് ചുമത്താനുള്ള ആരോഗ്യ-രാജ്യസുരക്ഷാ ബിൽ ലോക്‌സഭ പാസാക്കി. എന്നാൽ പാൻമസാല ഉത്പന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകില്ല. പാൻമസാല പായ്‌ക്കറ്റുകൾ നിർമ്മിക്കുന്ന മെഷീനിന്റെ വേഗത അല്ലെങ്കിൽ മറ്റ് പ്രക്രിയകളുടെ ശേഷി,പൗച്ച്,ടിൻ അല്ലെങ്കിൽ മറ്റ് കണ്ടെയ്‌നർ എന്നിവയുടെ ഭാരം എന്നിവ അടിസ്ഥാനമാക്കിയാണ് സെസ്. പ്രത്യേക സാഹചര്യങ്ങളിൽ സർക്കാരിന് സെസ് തുക ഉയർത്താം. സെസ് വരുമാനം കൺസോളിഡേറ്റഡ് ഫണ്ടിൽ ക്രെഡിറ്റ് ചെയ്‌ത് ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനുമുള്ള ചെലവുകൾക്കായി ഉപയോഗപ്പെടുത്താം. അതിനാൽ സംസ്ഥാനങ്ങൾക്ക് സെസ് വിഹിതം ലഭിക്കില്ല. അതേസമയം,പുകയില ഉത്പന്നങ്ങൾക്ക് 40% ജി.എസ്.ടിക്ക്(സിൻ ഗുഡ്സ് ജി.എസ്.ടി) പുറമെ എക്‌സൈസ് തീരുവ ചുമത്താനുള്ള ജി.എസ്.ടി ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി.

നിലവിൽ 28% ജി.എസ്.ടി+നഷ്‌ടപരിഹാര സെസ്

മാറ്റം: പുതിയ 'സിൻ ഗുഡ്‌സ്' ജി.എസ്.ടി 40% + ആരോഗ്യ, ദേശീയ ആരോഗ്യ സെസ്.

വീഴ്‌ച വരുത്തിയാൽ ശിക്ഷ

സമയത്ത് സെസ് അടയ്‌ക്കാതിരുന്നാൽ 15% പലിശയും പതിനായിരം രൂപ പിഴയോ സെസിന് തുല്യമായ തുകയോ ചുമത്തും.

നിയമലംഘനത്തിന് സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ വരെ പിഴ.

 സെസ് കുടിശിക അഞ്ച് കോടി കവിഞ്ഞാൽ അഞ്ച് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടി രണ്ടു കോടിക്കും അഞ്ചു കോടിക്കും ഇടയിലാണെങ്കിൽ മൂന്ന് വർഷം വരെ തടവോ പിഴയോ, ഒരു കോടി മുതൽ രണ്ടു കോടി വരെയാണെങ്കിൽ ഒരു വർഷം തടവോ പിഴയോ.

 വീണ്ടും ശിക്ഷിക്കപ്പെട്ടാൽ, അഞ്ച് വർഷം വരെ തടവ്.

എക്‌സൈസ് തീരുവ

അസംസ്‌കൃത പുകയില ഉത്പന്നങ്ങൾ: കിലോയ്‌ക്ക് 70%,പുകയില വേസ്റ്റ് 60%. നിക്കോട്ടിൻ ഉത്പന്നങ്ങൾ 100%.

സിഗരറ്റുകൾ,ചെറൂട്ടുകൾ: 25 ശതമാനം അല്ലെങ്കിൽ ആയിരം എണ്ണത്തിന് 5,000 രൂപ മുതൽ 11,000 രൂപ വരെ

നഷ്‌ടപരിഹാര സെസ്

2017ൽ ജി.എസ്.ടി നിലവിൽ വന്നപ്പോൾ സംസ്ഥാനങ്ങൾക്കുള്ള വരുമാന നഷ്‌ടം നികത്താൻ ഏർപ്പെടുത്തിയത്. 2022 ജൂണിൽ കാലാവധി കഴിഞ്ഞെങ്കിലും നടപ്പു സാമ്പത്തിക വർഷം വരെ നീട്ടി.