അൽ ഫലാ യൂണി. ചെയർമാൻ ജുഡിഷ്യൽ കസ്റ്റഡിയിൽ
ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്കു സമീപത്തെ സ്‌ഫോടനത്തിൽ അൽ ഫലാ യൂണിവേഴ്സിറ്റിയുടെ ചെയർമാനെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. 415 കോടിയുടെ കള്ളപ്പണ ഇടപാടു കേസിലാണ് ജാവദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിലായത്. 13 ദിവസമായി കോടതി അനുമതിയോടെ ഇ.ഡി കസ്റ്റഡിയിലായിരുന്നു. ചോദ്യംചെയ്യലിനും തെളിവെടുപ്പിനും ശേഷം ജാവദിനെ ഇന്നലെ ഡൽഹി സാകേത് കോടതിയിൽ ഹാജരാക്കി. ഇതോടെ തിഹാർ ജയിലിലേക്ക് അയക്കുകയായിരുന്നു.
അതിനിടെ,ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കാശ്‌മീരിൽ റെയിഡുകൾ തുടരുകയാണ്. ഇന്നലെ പുൽവാമ,ഷോപിയാൻ,കുൽഗാം ജില്ലകളിലെ എട്ടിടങ്ങളിൽ എൻ.ഐ.എ റെയിഡ് നടത്തി. കേസിൽ അറസ്റ്റിലായവരുടെ വീടുകളിൽ അടക്കമായിരുന്നു പരിശോധന. പ്രതിയായ ഡോ. ഷഹീൻ സയീദിന്റെ ലക്‌നൗവിലെ വീട്ടിലും എൻ.ഐ.എ അന്വേഷണസംഘമെത്തി. കുടുംബാംഗങ്ങളെ ചോദ്യംചെയ്‌തു. കേസിൽ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നിന്ന് ഇമാമിനെയും കൂട്ടാളിയെയും പിടികൂടി.