മാറണം, മാതൃകയാകണം തദ്ദേശ സ്ഥാപനങ്ങൾ

Tuesday 02 December 2025 1:07 AM IST
A

(യോഗനാദം 2025 ഡിസംബർ 1 ലക്കം എഡിറ്റോറിയൽ)

ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയായി കണക്കാക്കുന്നതാണ് പഞ്ചായത്തുകൾ ഉൾപ്പടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും ബന്ധപ്പെട്ടുകിടക്കുന്നതും ഇവയാണ്. അതുകൊണ്ട് തന്നെ ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ചൂരും ചൂടും മറ്റു തിരഞ്ഞെടുപ്പുകളെപ്പോലെയല്ല. കേരളം പോലെ ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് ജനങ്ങളുടെ ആദ്യത്തെ ആശ്രയമാണ് തദ്ദേശസ്ഥാപന പ്രതിനിധികൾ. മട്ടന്നൂർ മുനി​സി​പ്പാലി​റ്റിയി​ൽ​ ഒഴി​കെയുള്ള 23,576 വാർഡുകളി​ലായി​ 2,84,30,761 വോട്ടർമാരാണ് തങ്ങളുടെ പ്രതി​നി​ധി​കളെ ഇക്കുറി തി​രഞ്ഞെടുക്കുന്നത്. ജനാധി​പത്യ പ്രക്രി​യയുടെ ഏറ്റവും താഴെ തട്ടി​ലുള്ള തി​രഞ്ഞെടുപ്പെന്ന നി​ലയി​ലാണെങ്കി​ലും രാഷ്ട്രീയവും മതവും ജാതി​യും പ്രാദേശി​കവാദവും ഉൾപ്പടെ എല്ലാ വി​ഷയങ്ങളും ഇവിടെയും പ്രതി​ഫലി​ക്കും. എന്നി​രുന്നാലും പാർലമെന്റ്, അസംബ്ളി തിരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയ തീഷ്ണതയേക്കാൾ വ്യക്തി​ബന്ധങ്ങളും വ്യക്തി​ഗുണങ്ങളുമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ മേമ്പൊടി​യായി ചേരുക. ഇടത്, വലത്, എൻ.ഡി.എ മുന്നണികൾ തരാതരം പോലെ പലവിധ തന്ത്രങ്ങളെയും വോട്ടിനായി ആശ്രയിക്കുന്നുണ്ട്. ശബരിമല സ്വർണ്ണക്കൊള്ള മുതൽ സ്ത്രീ പീഡനം വരെ വിഷയദാരിദ്ര്യമേതുമില്ലാതെ ദിനമെന്നോണം മാദ്ധ്യമങ്ങളിൽ നിറയുകയാണ്. എങ്കിലും താഴെത്തട്ടിലുള്ള പ്രചാരണങ്ങളിൽ വഴിവിളക്കും വെള്ളക്കെട്ടും റോഡ് വികസനവും പോലുള്ള കാര്യങ്ങളാണ് സ്ഥാനാർത്ഥികൾ മുന്നോട്ടുവയ്ക്കുന്നത്.

ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണെങ്കിലും, കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ ഭരണം പൊതുവേ ദീർഘദൃഷ്ടിയില്ലാത്തതും കുത്തഴിഞ്ഞതുമാണെന്ന് പറയാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഫണ്ടും തനത് ഫണ്ടും പ്രാദേശിക ആവശ്യങ്ങളനുസരിച്ച് ഫലപ്രദമായി ഉപയോഗിച്ചിരുന്നെങ്കിൽ ഇന്ന് കേരളം സ്വർഗമായേനെ. ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ അഴിമതിയും കൊള്ളയും ദുർചെലവും നടത്തി ആഘോഷിക്കുകയാണ് ഭൂരിഭാഗം പഞ്ചായത്തുകളും. കരാറുകാരും ജനപ്രതിനിധികളും ഒത്തുകളിച്ചു പണിത പഞ്ചവടിപ്പാലങ്ങളും തോടിനെ തോൽപ്പിക്കുന്ന റോഡുകളും ഇന്നും നമ്മുടെ മുന്നിൽ ദുർഭരണത്തിന്റെ സ്മാരകങ്ങളായി നിലനിൽക്കുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൊതുശ്മശാനങ്ങൾ വേണമെന്നുണ്ടെങ്കിലും ദശാബ്ദങ്ങളായിട്ടും അതിന് കഴിയാത്ത നൂറുകണക്കിന് പഞ്ചായത്തുകളും ചുരുക്കം മുനിസിപ്പാലിറ്റികളും ഇവിടെയുണ്ട്. ഭൂരിപക്ഷജനവിഭാഗം ആശ്രയിക്കുന്ന പൊതുശ്മശാനങ്ങളാകട്ടെ പല ഇടങ്ങളിലും മാലിന്യശേഖരണ കേന്ദ്രങ്ങളും അക്ഷരാർത്ഥത്തിൽ പ്രേതഭൂമികളുമാണ്.

എന്നാൽ തദ്ദേശ സ്ഥാപനങ്ങൾ എങ്ങനെ ഭരിക്കണമെന്നതിന്റെ മാതൃകയായി ഒരു പഞ്ചായത്ത് കേരളത്തിലുണ്ട്. എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽപ്പെട്ട കിഴക്കമ്പലം പഞ്ചായത്ത് കേരളത്തിന് എന്നല്ല, രാജ്യത്തിന് തന്നെ മാതൃകയാക്കാമെന്ന് പറയാം. അവിടുത്തെ രാഷ്ട്രീയപശ്ചാത്തലത്തെക്കുറിച്ച് വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് മറിച്ച് അഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു വ്യവസായി തുടക്കം കുറിച്ച സംഘടന രാഷ്ട്രീയരൂപം ധരിച്ച് പത്തു വർഷം മുമ്പ് ഭരണത്തിലേറിയ കിഴക്കമ്പലത്ത് ഇന്ന് അടിസ്ഥാനസൗകര്യങ്ങൾക്ക് വേണ്ടി പണം ചെലവിടേണ്ടി വരുന്നില്ല. ക്ഷേമപദ്ധതികൾ മാത്രം നോക്കിയാൽ മതി. സേവനങ്ങളിലേറെയും വീട്ടിലെത്തും. വൃത്തിയും വെടിപ്പുമുള്ള പഞ്ചായത്ത് ഓഫീസിൽ ചെന്നാൽ മാന്യമായ സ്വീകരണമാണ്. ചായയും ലഘുഭക്ഷണവും ഉച്ചയ്ക്കാണെങ്കിൽ ഊണും സൗജന്യമായി ലഭിക്കും. റോഡുകൾ ഏതാണ്ടെല്ലാം ബി.എം.ബി.സി നിലവാരത്തിലാണ്. തോടുകളും കനാലുകളും മാലിന്യമില്ലാതെ ഒഴുകുന്നു. എല്ലാ കാര്യത്തിലും പ്രൊഫഷണലിസം തെളിഞ്ഞുകാണാം. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്മാരകങ്ങളായി വർത്തിക്കുന്ന, പാവപ്പെട്ട പട്ടികജാതി, വർഗ ജനങ്ങൾ പുഴുക്കളെ പോലെ ജീവിക്കുന്ന ലക്ഷംവീട് കോളനികൾ ഈ പഞ്ചായത്തിൽ ഇല്ല. അഞ്ചുവർഷം മുമ്പ് ഇവിടെയുണ്ടായിരുന്ന രണ്ട് ലക്ഷംവീട് കോളനികളും ആധുനിക ഹൗസിംഗ് കോളനികളായി മാറി. വെറുതേയല്ല രണ്ടാം വട്ടവും ആ പാർട്ടിയെ ജനങ്ങൾ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചത്. 19 അംഗ കമ്മിറ്റിയിൽ ഒരാൾ മാത്രമാണ് പ്രതിപക്ഷം. രണ്ടുപേർ മാത്രമാണ് പുരുഷന്മാർ. റോഡ്, വഴിവിളക്ക് പരിപാലനത്തിന് സുസജ്ജമായ സ്ഥിരം സംവിധാനവും സ്വന്തം ഫയർ എൻജിനും വരെ അവിടെയുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ ആധുനികമായ, വൃത്തിയും വെടിപ്പുമുള്ള സാഹചര്യങ്ങളിൽ കേവലം 20 രൂപയ്ക്ക് ദിവസം ശരാശരി 4000 ഊണ് വിളമ്പുന്ന കുടുംബശ്രീ സംരംഭമായ സമൃദ്ധിയും 100 രൂപയ്ക്ക് ഹോട്ടലുകളെ വെല്ലുന്ന രീതിയിൽ വനിതകൾക്ക് താമസസൗകര്യം നൽകുന്ന ഷീലോഡ്ജും നടത്താനാവുമെങ്കിൽ ഇതെല്ലാം മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്കും ചെയ്യാനാകും. രാഷ്ട്രീയത്തിൽ, തദ്ദേശഭരണത്തിൽ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ഇത്തരം സമീപനങ്ങൾ അനിവാര്യമാണ്.

50 ശതമാനം സ്ത്രീ സംവരണമാകയാൽ തദ്ദേശ സ്ഥാപനങ്ങളിൽ അവർക്ക് തങ്ങളുടെ മികവ് തെളിയിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. പലപ്പോഴും ഭർത്താക്കന്മാരുടെയും പാർട്ടികളിലെ പുരുഷകേസരികളുടെയും നിയന്ത്രണത്തിലാണ് വനിതാപ്രതിനിധികൾ. സ്വന്തം കാര്യശേഷിയും സാമർത്ഥ്യവും തെളിയിക്കാനുള്ള അവസരം കൈയ്യിൽ വരുമ്പോൾ അത് മറ്റാരെയും ഏൽപ്പിക്കരുത്. അന്തസോടെയും അഭിമാനത്തോടെയും ചുമതലകൾ നിർവഹിക്കാനാണ് സ്ത്രീകൾ ശ്രമിക്കേണ്ടത്. പല തദ്ദേശസ്ഥാപനങ്ങളിലും ജനറൽ സീറ്റുകളിലും സ്ത്രീകൾ മത്സരിക്കുന്നുണ്ടെന്ന കാര്യവും സന്തോഷകരമാണ്. അടുക്കള മാത്രമല്ല, അരങ്ങും ഭംഗിയായി തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ച് കൊടുക്കാനുള്ള അവസരം പാഴാക്കരുത്. തദ്ദേശഭരണത്തിൽ പൊതുജനങ്ങളുടെ അധികാരത്തെക്കുറിച്ചും വേണ്ടത്ര ബോധവത്കരണം നടന്നിട്ടില്ല. ഗ്രാമ, വാർഡ് സഭകൾക്ക് അപാരമായ അധികാരമുള്ളമുള്ളതാണ് പഞ്ചായത്തുരാജ് നിയമം. സഭകളുടെ തീരുമാനം നടപ്പാക്കേണ്ട ബാദ്ധ്യത പഞ്ചായത്തുകൾക്കുണ്ട്. നിശ്ചിതപ്രാവശ്യം സഭകൾ ചേർന്നില്ലെങ്കിൽ പ്രതിനിധിയുടെ അംഗത്വം പോലും അസാധുവാകും. പക്ഷേ ഗ്രാമ, വാർഡ് സഭയെ വോട്ടർമാർ ഗൗരവത്തോടെ കാണാറില്ല. പഞ്ചായത്ത്, നഗരസഭാ യോഗങ്ങളിൽ എന്തുനടക്കുന്നുവെന്നറിയാൻ നാമാരും പോകാറുമില്ല. തങ്ങൾ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് ബോദ്ധ്യം വന്നാൽ ഭരണനിർവഹണം കാര്യക്ഷമമാകുമെന്ന് ഉറപ്പാണ്. ആ ഉത്തരവാദിത്തം വോട്ടർമാർക്കുമുണ്ട്.

രാഷ്ട്രീയത്തേക്കാളുപരി​ സ്ഥാനാർത്ഥി​യുടെ മി​കവുകളും മേന്മകളും കാര്യപ്രാപ്തി​യും വി​ലയി​രുത്തി​ വോട്ടു ചെയ്യുകയാണ് തദ്ദേശതിരഞ്ഞെടുപ്പിന്റെ രീതി. പരമ്പരാഗത ശൈലികൾ വെടിഞ്ഞ് രാഷ്ട്രീയ കക്ഷികളും തദ്ദേശസ്ഥാപന പ്രതിനിധികളും ആധുനികമായി ചിന്തിക്കേണ്ട കാലമായി. വിദ്യാസമ്പന്നരായ, ലോകം എങ്ങനെയാണ് ചലിക്കുന്നതെന്ന് അറിയുന്ന പുതിയ തലമുറയെ, അരാഷ്ട്രീയവാദികളായി വളരുന്ന 'ജെൻസി'യെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുന്നതിനും അവരിൽ ഈ സംവിധാനങ്ങളോട് വിശ്വാസം വളർത്തുന്നതിനും അനി​വാര്യമാണത്. ജയം ആഘോഷമാക്കാതെ, പരാജയം സങ്കടമാക്കാതെ തിരഞ്ഞെടുക്കപ്പെടുന്നവർ ഒത്തുചേർന്ന് മികച്ച ഭരണം കാഴ്ച വയ്ക്കുക. പഞ്ചായത്ത് ഭരണസമിതിയ്ക്ക് രാഷ്ട്രീയമില്ല, ഭരണ- പ്രതിപക്ഷമില്ല. ഇനിയുള്ള അഞ്ചുവർഷം മികച്ച തദ്ദേശഭരണത്തിന് കേരളം സാക്ഷിയാകട്ടെ....