നിയമസഭയ്ക്ക് മുമ്പുള്ള അടിയാവും തദ്ദേശ തിരഞ്ഞെടുപ്പ് : സണ്ണി ജോസഫ്

Tuesday 02 December 2025 1:09 AM IST

സണ്ണിജോസഫ് കെ.പി.സി.സി പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ്. രാഹുൽ മാങ്കൂട്ടത്തിൽ ഉയർത്തിയ പ്രതിസന്ധി ഒഴിച്ചാൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യമെല്ലാം അനുകൂലം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള റിഹേഴ്‌സൽ കൂടിയാണ്. പാർട്ടിയെന്ന നിലയിലും പാർട്ടി പ്രസിഡന്റെന്ന നിലയിലും സണ്ണിജോസഫിനും നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. കോഴിക്കോട്ട് വിവിധ പരിപാടികൾക്കെത്തിയ അദ്ദേഹം തിരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കുവച്ചു.

@ എന്താണ് വിജയപ്രതീക്ഷകൾ...?

വിജയപ്രതീക്ഷയല്ല, വിജയമാണ് മുന്നിൽ. വിജയിക്കാനുള്ള വഴികളെല്ലാം ശബരിമലയിൽ നിന്ന് ഇടതുപക്ഷം തുറന്നു തന്നിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ 10 വർഷത്തെ കേരള ഭരണവും പിന്നെ കേന്ദ്രസർക്കാരും ഇതുപോലെ ജനത്തെ വെറുപ്പിച്ച മറ്റൊരു കാലമുണ്ടോ..?

@ കണ്ണൂർ കോർപ്പറേഷൻ വരെ തിരിച്ചുപിടിക്കുമെന്നാണ്

സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ അവകാശവാദം..?

സ്വന്തം നാടല്ലേ, അങ്ങിനെയല്ലേ പറയാനാവൂ. യാഥാർത്ഥ്യം പക്ഷെ മറിച്ചാണ്. കണ്ണൂര് മാത്രമല്ല, കേരളത്തിലാകെ ഇടതുകോട്ടകൾ തകർന്നു വീഴും.

@ എത്ര കോർപ്പറേഷൻ, എത്രമുനിസിപ്പാലിറ്റി, എത്ര ജില്ലാ പഞ്ചായത്ത്..?

കോഴിക്കോട് നിന്നല്ലേ സംസാരിക്കുന്നത്. ഇവിടത്തെ കോർപ്പറേഷനും ജില്ലാ പഞ്ചായത്തും ഇത്തവണ യു.ഡി.എഫിന്റെ ഭാഗമാകും. മുനിസിപ്പാലിറ്റികൾ നാല് കോഴിക്കോട്ട് മാത്രമുണ്ട്. ബാക്കി മൂന്നും പിടിക്കും. കേരളത്തിലങ്ങോളം ഈ കാറ്റ് വീശും.

@ എന്താണ് മുന്നൊരുക്കം...? പഴയകാലങ്ങളിൽ അവസാനം വരുന്ന സ്ഥാനാർത്ഥിപ്പട്ടികയാണ് കോൺഗ്രസിന്റേത്. ഇത്തവണ ആദ്യം വന്നു. എവിടേയും അസ്വാരസ്യങ്ങളില്ല. പാർട്ടി ഒറ്റക്കെട്ടായാണ് സ്ഥാനാർത്ഥി നിർണയം നടത്തിയത്. ബൂത്ത് തലംമുതൽ ജില്ലവരെ ചിട്ടയായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കുടുംബയോഗങ്ങളിലെല്ലാം ഇടത് സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ നോട്ടീസുകളിറക്കി അവരെ ബോദ്ധ്യപ്പെടുത്തിയാണ് മുന്നോട്ടുപോക്ക്.

@ കൈപ്പത്തിയിൽ മത്സരിച്ചു ജയിച്ച ഒരു എം.എൽ.എ

ഒളിച്ചുനടക്കുന്നത് വിനയാവില്ലേ...?

ഒരിക്കലും കേരളത്തിൽ കോൺഗ്രസിന്റേയോ യു.ഡി.എഫിന്റേയോ പോരാട്ടത്തിന് രാഹുൽ തടസ്സമല്ല. ആരോപണം വന്നപ്പോൾ, ഒരു പരാതിപോലുമില്ലാത്ത സാഹചര്യത്തിൽ രാഹുലിനെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും മാറ്റിയ പ്രസ്ഥാനമാണ് കോൺഗ്രസ്. എന്നാലിവിടെയിപ്പോൾ രാഹുലാണോ പ്രശ്‌നം. ശബരിമലയല്ലേ. അയ്യപ്പന്റെ കട്ടിളപ്പാളി വരെ ഇളക്കിക്കൊണ്ടുപോയവർ ജയിലിലായിട്ടും എന്തെങ്കിലും പാർട്ടി നടപടി എടുത്തോ. 20വർഷം തടവിന് ശിക്ഷിച്ച പ്രതി അവരുടെ സ്ഥാനാർത്ഥിയല്ലേ. എന്ത് ധാർമികതയാണ് ഇവർക്ക് കോൺഗ്രസിനെ പഠിപ്പിക്കാനുള്ളത്...?

@ മസാലബോണ്ട് സി.പി.എമ്മിന്

ഇ.ഡി. പ്രതിസന്ധിയുണ്ടാക്കുമോ ?

തട്ടിപ്പല്ലേ നടക്കുന്നത്. ഞങ്ങളിതൊന്നും പ്രചരണ ആയുധമാക്കാനില്ല. ഇത് സി.പി.എമ്മും-ബി.ജെ.പിയും തമ്മിലുള്ള അഡ്ജസ്റ്റ് മെന്റാണ്. കേരള മുഖ്യമന്ത്രി പിണറായി വജയനെതിരെ മാത്രം എത്രകേസുകൾ വന്നു. ലാവ്‌ലിൻ മുതലിങ്ങോട്ട്. ഒന്നും നടന്നിട്ടില്ല. ഈ കേസും മാഞ്ഞുപോവും. മായ്ച്ചുകളയും. അതിലൊന്നും കേരളത്തിലെ കോൺഗ്രസിന് ഒരു സംശയവുമില്ല. എല്ലാം അവർ തമ്മിലുള്ള ഡീലാണ്.