വിമാനത്താവളങ്ങളിൽ ജി.പി.എസ് സ്പൂഫിംഗിന് ശ്രമം
ന്യൂഡൽഹി: രാജ്യത്ത് ഡൽഹി അടക്കം പ്രധാന വിമാനത്താവളങ്ങൾക്ക് സമീപം വിമാനങ്ങൾ ലാൻഡ് ചെയ്യാൻ ആശ്രയിക്കുന്ന ജി.പി.എസ്,ജി.എൻ.എസ്.എസ് സംവിധാനങ്ങൾ ഹാക്കു ചെയ്യാനുള്ള നിരവധി ശ്രമങ്ങൾ നടന്നെന്ന് സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു പാർലമെന്റിൽ പറഞ്ഞു. ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ 10-ൽ ഉപഗ്രഹ അധിഷ്ഠിത ലാൻഡിംഗ് നടത്താനൊരുങ്ങിയ വിമാനങ്ങൾക്കാണ് ഹാക്കിംഗ് (ജി.പി.എസ് സ്പൂഫിംഗ്) നേരിടേണ്ടി വന്നതെന്ന് രാജ്യസഭയിൽ എസ്. നിരഞ്ജൻ റെഡ്ഡിയുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. കൊൽക്കത്ത,അമൃത്സർ,മുംബയ്,ഹൈദരാബാദ്,ബംഗളൂരു,ചെന്നൈ വിമാനത്താവളങ്ങളിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തു. പരമ്പരാഗത ഗ്രൗണ്ട് അധിഷ്ഠിത നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന മറ്റ് റൺവേകളിൽ ഹാക്കിംഗ് ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഹാക്കിംഗ് ഉറവിടം തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചു. എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ വയർലെസ് മോണിറ്ററിംഗ് ഓർഗനൈസേഷനോട് (ഡബ്ല്യു.എം.ഒ)ഉറവിടം കൃത്യമായി കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജി.പി.എസ്
സ്‌പൂഫിംഗ്
വ്യാജ ജി.പി.എസ് സിഗ്നലുകളുടെ സഹായത്തോടെ വിമാനത്തിലെ ജി.പി.എസ് റിസീവറിനെ കബളിപ്പിക്കുന്ന ഒരു സൈബർ ആക്രമണം. ജി.പി.എസ് ഉപഗ്രഹങ്ങളിൽ നിന്നുള്ള യഥാർത്ഥ സിഗ്നലുകളെ മറികടന്നാണ് വ്യാജ സിഗ്നലുകൾ എത്തുക. ഇത് സ്വീകരിക്കുന്ന വിമാനം തെറ്റായ ദിശയിൽ നീങ്ങാനും റൺവേ മാറി ഇറങ്ങാനും ഇടയാക്കാം.