യു.പിയിൽ ജീവനൊടുക്കിയ ബി.എൽ.ഒയുടെ വീഡിയോ പുറത്ത്

Tuesday 02 December 2025 1:16 AM IST

മൊറാദാബാദ്: എസ്.ഐ.ആർ ജോലി സമർദ്ദത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ ജീവനൊടുക്കിയ ബി.എൽ.ഒയുടെ വീഡിയോ പുറത്ത്. മൊറാദാബാദിൽ ജീവനൊടുക്കിയ ബി.എൽ.ഒയും അദ്ധ്യപകനുമായ സർവേഷ് കുമാറിന്റെ വീഡിയോയാണ് പുറത്തുവന്നത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും കുടുംബാംഗങ്ങൾ ക്ഷമിക്കണമെന്നും തന്റെ നാലു പെൺമക്കളെ നോക്കണമെന്ന് അമ്മയോടും സഹോദരിയോടും സർവേഷ് വീഡിയോയിലൂടെ കരഞ്ഞ് പറഞ്ഞു. ഞാനെടുക്കുന്ന ഈ തീരുമാനം എന്റെ മാത്രം ഉത്തരവാദിത്വമാണെന്നും സർവേഷ് കൂട്ടിച്ചേർത്തു. 'ഞാൻ വല്ലാതെ അസ്വസ്ഥനാണ്. 20 ദിവസമായി ഉറങ്ങിയിട്ടില്ല. സമയമുണ്ടായിരുന്നെങ്കിൽ ഈ ജോലി പൂർത്തിയാക്കാമായിരുന്നു. എനിക്ക് നാല് ചെറിയ പെൺകുട്ടികളാണ്. എന്നോടു ക്ഷമിക്കണം. ഞാൻ നിങ്ങളുടെ ലോകത്തുനിന്ന് വളരെ ദൂരേക്കു പോകുന്നു. എനിക്ക് ജീവിക്കാനാഗ്രഹമുണ്ട്. പക്ഷേ എനിക്കുമേലുള്ള സമ്മർദ്ദം വളരെ വലുതാണ്" -സർവേഷ് വിഡിയോയിൽ പറയുന്നു. മൊറാദാബാദിലെ സ്കൂളിൽ അസിസ്റ്റന്റ് ടീച്ചറായ സർവേഷ് ആദ്യമായാണ് ബി.എൽ.ഒ ജോലിക്ക് നിയോഗിക്കപ്പെടുന്നത്. ഞായറാഴ്ചയാണ് സർവേഷിനെ ഭാര്യ ബബ്ലി മരിച്ചനിലയിൽ കണ്ടെത്തിയത്. ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് പറയുന്ന ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു.

രാജ്യത്ത് ഇതുവരെ മരിച്ചത്

30 ബിഎൽഒമാർ

ജോലിസമ്മർദ്ദത്തിൽ ബി.എൽ.ഒമാരുടെ ആത്മഹത്യയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വിമർശനവുമായി പ്രതിപക്ഷം. ഇതുവരെ 30 ബി.എൽ.ഒമാർ രാജ്യത്ത് ആത്മഹത്യ ചെയ്തെന്നും, അനുശോചിച്ച് കമ്മിഷൻ ഒരുവരി പോലും പറഞ്ഞില്ലെന്നും കോൺ​ഗ്രസ് വിമർശിച്ചു.