ശബരിമല സദ്യ:ആശയക്കുഴപ്പം മാറുമെന്ന് കെ.ജയകുമാർ
തിരുവനന്തപുരം: ശബരിമലയിൽ കേരളീയ സദ്യ നൽകുന്ന കാര്യത്തിൽ മാറ്റമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ വ്യക്തമാക്കി. ചില ആശയക്കുഴപ്പങ്ങളുണ്ട്. അതെല്ലാം അഞ്ചിന് നടക്കുന്ന ബോർഡ് യോഗത്തിൽ ചർച്ച ചെയ്തു പരിഹരിക്കുമെന്ന് 'കേരളകൗമുദി'യോടു പറഞ്ഞു. ഡിസംബർ രണ്ട് മുതൽ ഉച്ചയ്ക്ക് സദ്യ നൽകാനായിരുന്നു ആദ്യതീരുമാനം.
നിലവിൽ പുലാവാണ് നൽകുന്നത്. ഇത് സീസൺ മുഴുവൻ നൽകാനാണ് കരാർ. സദ്യ നൽകിയാലുള്ള നിയമപ്രശ്നവും സദ്യ വിളമ്പാൻ വേണ്ടി വരുന്ന അധികം സൗകര്യങ്ങളെക്കുറിച്ചും പഠിച്ചു റിപ്പോർട്ട് നൽകാൻ ദേവസ്വം കമ്മിഷണറുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം ബോർഡ് യോഗം ചേർന്നാണ് തീരുമാനമെടുക്കുക.
സദ്യ തുടങ്ങുന്ന തീയതി താൽക്കാലികമായി നീട്ടിവച്ചതാണെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ. ജി ബിജു പറഞ്ഞു.
ബോർഡ് ചർച്ച ചെയ്യുംമുമ്പ് സദ്യ നൽകുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചതിൽ മറ്റു രണ്ട് അംഗങ്ങൾക്കും വിയോജിപ്പുണ്ടായിരുന്നു.
കഴിഞ്ഞ ദിവസത്തെ യോഗത്തിൽ സി.പി.എം അംഗം പി.ഡി. സന്തോഷ് കുമാറും സി.പി.ഐ പ്രതിനിധിയും മുൻമന്ത്രിയുമായ കെ.രാജുവും ഇക്കാര്യം അറിയിച്ചതായി സൂചനയുണ്ട്.