വഖഫ് രജിസ്ട്രേഷനിൽ ഇടപെടാതെ സുപ്രീംകോടതി
ന്യൂഡൽഹി: വഖഫ് സ്വത്തുക്കളുടെ ഓൺലൈൻ രജിസ്ട്രേഷന് സമയം നീട്ടി നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഡിസംബർ ആറിന് സമയപരിധി അവസാനിക്കും. ആറുമാസമാണ് നിയമഭേദഗതി പ്രകാരം അനുവദിച്ചത്. കൂടുതൽ സമയം ആവശ്യമുള്ളവർക്ക് വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും പൊതുനിർദ്ദേശം നൽകാനാകില്ലെന്നും ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. രജിസ്റ്രർ ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ വഖഫ് പോർട്ടൽ 'ഉമീദിനെതിരെയുള്ള' ഹർജികളിലും കോടതി ഇടപെട്ടില്ല.
നൂറും, 125ഉം വർഷം പഴക്കമുള്ള വഖഫുകളുടെ രേഖകൾ കണ്ടെത്തി അപ്‌ലോഡ് ചെയ്യാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ഹർജിക്കാരുടെ അഭിഭാഷകനായ കപിൽ സിബൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പരാതിയുള്ളവർ അവരുടെ വിഷയവുമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കൂയെന്ന് നിർദ്ദേശിച്ചു. സമയം നീട്ടി നൽകാൻ ട്രൈബ്യൂണലുകൾക്ക് നിയമത്തിൽ അധികാരം നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.