നടമ്മൽ രാജൻ സി.പി.എം വിട്ടു

Tuesday 02 December 2025 2:52 AM IST

തലശേരി: 'കുട്ടിമാക്കൂൽ സംഭവം' വഴി രാഷ്ട്രീയത്തിൽ ഇടം നേടിയ ദലിത് നേതാവ് നടമ്മൽ രാജൻ സി.പി.എമ്മിൽ നിന്ന് രാജിവച്ചു. അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസിൽ സവർണ്ണ മേധാവിത്വം ആരോപിച്ച്, അഞ്ച് വർഷം മുൻപാണ് സി.പി.എം പക്ഷത്തേക്ക് മാറിയത്. സി.പി.എമ്മിൽ ചേർന്ന ശേഷവും നീതി ലഭിക്കുന്നില്ലെന്നും പാർട്ടി നേതാക്കളുടെ ഇടപെടൽ കാരണം പൊലീസിൽ നിന്നു പോലും നീതി നിഷേധിക്കുന്നുവെന്നും ആരോപിച്ചു. കേസുകൾ പിൻവലിക്കാമെന്ന ഉറപ്പുകൾ സി.പി.എം. പാലിച്ചില്ല. കോൺഗ്രസിലേക്ക് തിരികെ പോകുമോ എന്ന ചോദ്യത്തിന്, 'തീരുമാനിച്ചിട്ടില്ല' എന്നായിരുന്നു മറുപടി.

2016ലാണ് സംഭവങ്ങളുടെ തുടക്കം.

മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി.യുടെ സംസ്ഥാന സെക്രട്ടറിയും മുൻ കണ്ടിജന്റ് തൊഴിലാളിയുമായിരുന്ന രാജനെയും മക്കളായ അഖില,​ അ‍ഞ്ജന എന്നിവരെയും കുട്ടിമാക്കൂലിലെ സി.പി.എം പ്രവർത്തകർ ജാതിപ്പേര് വിളിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് ആരോപണം ഉയർന്നു.

സി.പി.എം. ഓഫീസിൽ കടന്നു കയറി പ്രവർത്തകനെ കൈയേറ്റം ചെയ്തുവെന്ന കേസിൽ യുവതികൾ അറസ്റ്റിലായി. അഖിലയെ കൈക്കുഞ്ഞിനൊപ്പം റിമാൻഡ് ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പുറത്തിറങ്ങിയ അഞ്ജന ആത്മഹത്യാ ശ്രമം നടത്തിയതും വിവാദമായി. എന്നാൽ, അതിനുശേഷമാണ് സി.പി.എമ്മിൽ ചേർന്നത്.